ജിദ്ദ: ഫലസ്തീൻ മണ്ണിൽ യുദ്ധാന്തരീക്ഷം നിലനിൽക്കേ അംഗരാഷ്ട്രങ്ങളുടെ അഭ്യർത്ഥന പ്രകാരം അടിയന്തിരമായി ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ സമ്മേളിക്കുന്നു.
എക്സിക്യൂട്ടീവ് പദവിയോടെയുള്ള മന്ത്രിതല യോഗമാണ് ബുധനാഴ്ച ( ഒക്ടോ.18) ചേരുന്നത്. ഗാസയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോഗം വേണമെന്ന് നിലവിലെ അദ്യക്ഷ പദവി അലങ്കരിക്കുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ്, ഇറാൻ, ഇറാഖ് രാജ്യങ്ങൾ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.
ഒ ഐ സിയുടെ ആസ്ഥാനമായ ജിദ്ദയിൽ വെച്ചാണ് യോഗം. സംഘടനയുടെ അധ്യക്ഷൻ എന്ന നിലയിൽ സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ബുധനാഴ്ചയിലെ യോഗമെന്ന് ഇത് സംബന്ധിച്ച പ്രസ്താവന വ്യക്തമാക്കി.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര മന്ത്രിതല യോഗത്തിലെ അജണ്ട ഗാസയിലെ സൈനിക സംഘർഷവും ഗസയുടെ മേൽ നിലനിൽക്കുന്ന ഉപരോധവും ആയിരിക്കും.