ഗായിക ശ്രേയ ഘോഷാൽ മത്സരാര്‍ഥിയുടെ പ്രകടനം കണ്ട് വികാരാധീനയാകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു സംഭവം. കാഴ്ച പരിമിതിയുള്ള മേനുക പൗഡേൽ എന്ന യുവതി വേദിയില്‍ ഗാനമാലപിക്കുന്നതിനിടെ ജഡ്ജിങ് പാനലിലിരുന്ന് ശ്രേയ തേങ്ങിക്കരഞ്ഞു. മേനുകയുടെ ആലാപനമികവിൽ അദ്ഭുതപ്പെട്ട ശ്രേയ കണ്ണീരടക്കാൻ പാടുപെടുന്നത് വിഡിയോയിൽ കാണാനാകും. 
എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ, ഉദിത് നാരായണന്‍ എന്നിവർ ചേർന്നാലപിച്ച ‘ഒാ പാലൻ ഹാരേ’ എന്ന ഗാനമാണ് മേനുക വേദിയിൽ ആലപിച്ചത്. മേനുകയുടെ പാട്ട് കേട്ട് റിയാലിറ്റി ഷോയിലെ മറ്റു വിധികർത്താക്കളായ വിശാൽ ദദ്‌ലാനിയും കുമാർ സാനുവും അതിശയത്തോടെ തലയിൽ കൈ വയ്ക്കുന്നുണ്ട്. 
മേനുകയുടെ പ്രകടനത്തിന്റെ അവസാനം വിധികർത്താക്കൾ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. പിന്നാലെ വേദിയിലേക്കെത്തിയ ശ്രേയ മേനുകയ്ക്കൊപ്പം ഗാനം ആലപിച്ചു. ഇതിന്റെ വിഡിയോയും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഗോൾഡൻ മൈക്ക് സമ്മാനമായി നേടിയ ശേഷമാണ് മേനുക പൗഡേൽ വേദി വിട്ടത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *