തക്കല: കാര്‍ഷിക ഭൂമി തരിശുനിലമാക്കി മാറ്റാന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. കല്‍ക്കുളം താലൂക്ക് ഓഫീസിലെ വനിത ഡെപ്യൂട്ടി തഹസില്‍ദാര്‍ നാഗര്‍കോവില്‍ വടശേരി ബ്രൈറ്റ് തെരുവില്‍ രുക്മിണിയെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്.
തിങ്കള്‍ചന്തയ്ക്ക് സമീപം കണ്ടന്‍വിള മടവിളാകം ഭാഗത്ത് രാഹുലിന് വീട് നിര്‍മാണത്തിന്റെ ഭാഗമായി പ്ലാന്‍ വരയ്ക്കാന്‍ പോയപ്പോഴാണ് സ്ഥലം കാര്‍ഷിക ഭൂമിയാണെന്ന് അറിയുകയും തുടര്‍ന്ന് ഭൂമി മാറ്റാന്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കി. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് താലൂക്ക് ഓഫീസിലേക്ക് അയച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ മേല്‍നടപടി സ്വീകരിക്കാതെ അപേക്ഷ മാറ്റിവച്ചു.
ഇത് സംബന്ധിച്ച് രാഹുലിന്റെ ബന്ധു ജഗദീശ്വരി തഹസീല്‍ദാര്‍ ഡി.ടി. രുക്മിണിയെ കണ്ട് കാര്യം തിരക്കിയപ്പോള്‍ തരിശ് ഭൂമി സര്‍ട്ടിഫിക്കറ്റിനായി 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, വിവരം വിജിലന്‍സ് അഡീഷനല്‍ സൂപ്രണ്ട് ഹെക്ടര്‍ ധര്‍മരാജിനെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം രാസവസ്തു പൂശിയ നോട്ട് നല്‍കി താലൂക്ക് ഓഫീസില്‍ വിജിലന്‍സ് കാത്തുനിന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ജഗദീശ്വരി രുക്മിണിയുടെ മുറിയില്‍ച്ചെന്ന് പണം കൈമാറി. ഉടന്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരി, എസ്.ഐ മുരുകന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഡെപ്യൂട്ടി തഹസില്‍ദാറെ പിടികൂടി. ഇവരുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.