കൊച്ചി: കരുവന്നൂർ ബാങ്കിൽ വായ്പകൾ നൽകുന്നത് നിയന്ത്രിച്ചത് സി.പി.എം പാർലമെന്ററി കമ്മിറ്റിയെന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്. ഉന്നതനേതാക്കളുടെ നിർദേശപ്രകാരം പലർക്കും വായ്പ നൽകി. ഇക്കാര്യത്തിൽ ബാങ്ക് മാനേജറുടെയും സെക്രട്ടറിയുടെയും മൊഴിയുണ്ടെന്ന് ഇ.ഡി പറയുന്നു. അതിനിടെ, ഇന്നലെ 35 പേരുടെ അക്കൗണ്ടുകൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 87.75 കോടി രൂപയാണ് ആകെ കണ്ടുകെട്ടിയിട്ടുള്ളത്.
വായ്പകൾ നൽകുന്നത് രേഖപ്പെടുത്താൻ പ്രത്യേക മിനുട്സ് സൂക്ഷിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ബാങ്ക് മാനേജർ ബിജു എം.കെ, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ ഇ.ഡിയോട് വെളിപ്പെടുത്തിയത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഒന്നാം പ്രതി സതീഷ് കുമാറിന്റെയും ഭാര്യ ബിന്ദുവിന്റെയും 46 അക്കൗണ്ടുകൾക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചു. സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ നാല് ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.