ഡൽഹി:  ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ  ഏറ്റവും സമ്പന്നനായ മലയാളിയായി ലുലുഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി.  7.1 ബില്യൺ ഡോളർ ആസ്തിയാണ് യൂസഫലിക്ക് ഉള്ളത്.
കഴിഞ്ഞ വർഷം 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 27-ാം സ്ഥാനത്തേക്ക് മുന്നേറി. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള യൂസഫലിയുടെ മുന്നേറ്റം.
മലയാളികളുടെ അഭിമാനമായി ലോകം മുഴുവൻ ലുലു ഗ്രൂപ്പ് പടർന്നു പന്തലിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഷോപ്പിങ് വിസ്മയമായ ദുബായ് മാളിൽ ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് തുറന്നത് കഴിഞ്ഞദിവസമാണ്.

പത്ത് കോടി സന്ദർശകരാണ് പ്രതിവർഷം ദുബായ് മാളിലെത്തുന്നത്. ലുലു ഗ്രൂപ്പിൻറെ 258-മത്തെതും യുഎഇയിലെ 104-മത്തേതുമാണ് ദുബായ് മാൾ ലുലു ഹൈപ്പർമാക്കറ്റ്. അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 ആക്കുമെന്നാണ് യൂസഫലിയുടെ പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്.  
റീട്ടെയിൽ മേഖലയിൽ ലോകത്താകമാനം അറിയപ്പെടുന്ന ശതകോടീശ്വരനായുള്ള യൂസഫലിയുടെ മഹാവിജയം കഠിനാധ്വാനത്തിന്റെ പാഠം കൂടിയാണ്. കേരളത്തിലെ തൃശൂർ ജില്ലയിലെ നാട്ടികയിലാണ് എം എ യൂസഫലിയുടെ ജനനം.
യൂസഫലി മുസലിയം വീട്ടിൽ അബ്ദുൾ കാദർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ബിസിനസ് മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ നേടിയ അദ്ദേഹം 1973 -ലാണ് അബുദാബിയിലേയ്ക്കു പറന്നത്. അമ്മാവന്റെ ചെറുകിട വിതരണ ബിസിനസിൽ പങ്കുചേരുകയായിരുന്നു ലക്ഷ്യം.
1990 കളിലാണ് യൂസഫലി ലുലു ഹൈപ്പർമാർക്കറ്റിന്റെ ആദ്യ സ്‌റ്റോർ തുറന്നത്. കഠിനാധ്വാനത്തിന്റെ അർപ്പണബോധത്തിന്റെയും കഥയാണ് ലുലുവും യൂസഫലിയും പറയുന്നത്. മൂല്യങ്ങളാണ് ബിസിനസ് വിജയത്തിന്റെ അടിത്തറ എന്നു വിശ്വസിക്കുന്ന, ‘കച്ചവടക്കാരൻ’ എന്ന വിളി കേൾക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എം. എ യൂസഫലി. 2005ൽ പ്രവാസി ഭാരതീയ സമ്മാൻ അദ്ദേഹത്തിന് ലഭിച്ചു. 2008 ൽ രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു.
യൂസഫലി ചെറുപ്പത്തിൽ വക്കീലാകാനായിരുന്നു ആഗ്രഹിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം പാരമ്പര്യമായി കച്ചവടം നടത്തിപ്പോന്നവരായിരുന്നു. പിതാവ് അടക്കമുള്ള കുടുംബാംഗങ്ങൾക്ക് പലവ്യഞ്ജനക്കട ഉണ്ടായിരുന്നു. പുന്നീട് യൂസഫലിയും വ്യാപാരത്തിന്റെ ലോകത്തിലേക്ക് ആകർഷിക്കപ്പെട്ടു.
ചെറുപ്പത്തിൽ അഹമ്മദാബാദിലേക്കു പോയി അവിടെ പിതാവും, ബന്ധുക്കളും നടത്തിയിരുന്ന എം.കെ ബ്രദേഴ്‌സ് ജനറൽ സ്റ്റോറിൽ നിന്ന് ബിസിനസിലെ ആദ്യ പാഠങ്ങൾ കരസ്ഥമാക്കി. 1973 ഡിസംബറിൽ കപ്പലിലാണ് അദ്ദേഹം യു.എ.ഇയിലെത്തിയത്. യൂസഫലിയുടെ പിതാവിന്റെ അനുജനായ എം.കെ അബ്ദുല്ലയ്ക്ക് ഗൾഫിൽ പലവ്യഞ്ജനക്കച്ചവടമുണ്ടായിരുന്നു. 50 ഡിഗ്രിക്കു മുകളിൽ വരെ ചൂടു ഉയർന്ന രാത്രികളിൽ താമസസ്ഥലത്തെ ടെറസിൽ വെള്ളം നനച്ചു പോലും യൂസഫലിക്ക് ഉറങ്ങേണ്ടി വന്നിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധനങ്ങൾ ഗൾഫിൽ എത്തിച്ച് പലരും ലാഭമെടുക്കുന്നത് കണ്ട് പഠിച്ച യൂസഫലി അതിന്റെ സാധ്യതകൾ മനസ്സിലാക്കി വിവിധ രാജ്യങ്ങളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ ഇറക്കുമതി നടത്തി. പിന്നീടാണ് വിദേശ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകൾ എന്ന ആശയത്തിലേക്ക് മാറുന്നത്.  
1989ൽ ഒരു ചെറിയ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇത് വിജയിച്ചതിനെ തുടർന്ന് അബുദാബിയിൽ വലിയ ഒരു സൂപ്പർമാർക്കറ്റ് ആരംഭിക്കാൻ ശ്രമം ആരംഭിച്ചു പക്ഷേ പുതിയ സൂപ്പർമാർക്കറ്റ് ആരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
പലരും ബിസിനസ് അവസാനിപ്പിച്ച് നാടുവിട്ടു. എന്നാൽ താൻ അതു വരെ സമ്പാദിച്ചതെല്ലാം ഇട്ടെറിഞ്ഞു ഭയന്നോടാൻ യൂസഫലി ഒരുക്കമായിരുന്നില്ല. അദ്ദേഹം പ്രതിസന്ധിക്കിടയിലും ബിസിനസ് തുടരുന്നതിനെപ്പറ്റി ഒരു പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇത് കാണാനിടയായ യുഎഇ ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ യൂസഫലിയെ കൊട്ടാരത്തിലക്ക് ക്ഷണിച്ചു.
മറ്റുള്ളവർ എല്ലാം ഉപേക്ഷിച്ചു പോവുമ്പോൾ യൂസഫലി പോവാത്തത് എന്താണെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. തനിക്ക് എല്ലാം തന്ന രാജ്യത്തിന് ഒരു പ്രതിസന്ധി വരുമ്പോൾ ഇവിടം വിട്ടു പോവാൻ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു യൂസഫലിയുടെ മറുപടി.
 വലിയ ഉയർച്ചയുടെ തുടക്കം, ആ സത്യസന്ധതയുടെയും, ധൈര്യത്തിന്റെയും പ്രതിഫലമായി മാറാൻ താമസമെടുത്തില്ല. അബുദാബിയിൽ മാൾ നിർമിക്കാനുള്ള നാല്പത് ഏക്കർ ഭൂമിയടക്കം നിരവധി പദ്ധതികൾക്ക് രാജകുടുംബം അദ്ദേഹത്തിന് ഭൂമി നൽകി.
പലവ്യഞ്ജനക്കടയിൽ നിന്നും സൂപ്പർ മാർക്കറ്റുകളിലേക്കും, ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിലേക്കും, ഹൈപ്പർ മാർക്കറ്റുകളിലേക്കും, മാളുകളിലേക്കും, കൺവെൻഷൻ സെന്ററുകളിലേക്കും ലുലു വളർന്നു. ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ലുലുവിന് ബിസിനസ് സാന്നിദ്ധ്യമുണ്ട്. 

പതിനായിരക്കണക്കിന് ആളുകൾക്കാണ് ലുലു ഗ്രൂപ്പ് തൊഴിൽ നൽകുന്നത്. റീടെയിൽ മേഖലയ്ക്കു പുറമെ, ഭക്ഷ്യ സംസ്‌കരണം, ഹോൾസെയിൽ, കയറ്റുമമതി-ഇറക്കുമതി, ഷിപ്പിങ്, ഐടി, ഹോട്ടൽ, ട്രാവൽ, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ ഗ്രൂപ്പിന് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
ഏറ്റവും ധനികരായ മലയാളികളിൽ യൂസഫ് അലിക്ക് പിന്നിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യൺ ഡോളറിന്റെ ആസ്തിയോടെ റാങ്കിൽ 50-ാം സ്ഥാനം. കഴിഞ്ഞ വർഷം 3.1 ബില്യൺ ഡോളർ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.
യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 3.7 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിലെ മലയാളികളിൽ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി.
രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയാണ് ഡോ. ഷംഷീർ. വ്യക്തിഗത സമ്പന്നർക്കൊപ്പം 4.9 ബില്യൺ ഡോളർ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബം, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 3.25 ബില്യൺ ഡോളർ (റാങ്ക് 67), ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, 3.2 ബില്യൺ ഡോളർ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി, 2.93 ബില്യൺ ഡോളർ (റാങ്ക് 78) എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *