ഇടുക്കി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമഗ്ര പേവിഷ ബാധ നിർമാർജന പദ്ധതിക്ക് ജില്ലയിൽ തണുത്ത പ്രതികരണം. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 55,354 വളർത്തുനായ്ക്കളും, 7375 തെരുവു നായ്ക്കളുമുണ്ട്.

ഇതിൽ തിങ്കളാഴ്ച വരെ 9093 വളർത്തുനായ്ക്കൾക്കും (16.42 ശതമാനം), 259 തെരുവു നായ്ക്കൾക്കും (3.51 ശതമാനം) മാത്രമാണ് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ്‌ എടുത്തത്.
 

2019-ലെ കണക്കു പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ വളർത്തുനായ്ക്കളുള്ളത് ഉപ്പുതറ പഞ്ചായത്തിലാണ്. ആകെയുള്ള 2174-ൽ 192 നായ്ക്കൾക്ക് മാത്രമേ ഇതു വരെ കുത്തിവയ്പെടുത്തുള്ളു. യജ്ഞം പരമാവധി പ്രയോജനപ്പെടുത്താൻ പ്രതിരോധ കുത്തിവെപ്പ്‌ ക്യാമ്പ് 15 വരെ നീട്ടിയിട്ടുണ്ട്.

അറിയിച്ചാൽ വീട്ടിലെത്തും

അറിയിച്ചാൽ വീടുകളിലെത്തിയും കുത്തിവെപ്പെടുക്കും. സംസ്ഥാന തലത്തിൽ മൃഗസംരക്ഷണ വകുപ്പ് മതിയായ പ്രചാരണം നൽകിയെങ്കിലും നായ്ക്കളുടെ ഉടമസ്ഥരും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും കാര്യമാക്കിയില്ല.

കുത്തിവെപ്പ്‌ എടുത്തില്ലെങ്കിലും നിയമപരമായ നടപടി ഉണ്ടാകില്ലന്ന വിശ്വാസമാണ് നായ്ക്കളുടെ ഉടമസ്ഥർ ഇത് കാര്യമാക്കാത്തതിനു കാരണം. വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാകാത്തതും പ്രശ്നമായി.

വേണം നടപടി

മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉടമകളിൽനിന്ന്‌ ഫൈൻ ഇടാക്കുന്നതടക്കം ശക്തമായ നടപടി ഉണ്ടായെങ്കിലേ സമഗ്ര പേ വിഷബാധ നിയന്ത്രണ യജ്ഞം സാധ്യമാകു. തെരുവുനായ്ക്കൾ പെരുകുന്നതു തടയാനും ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ വിദൂരഭാവിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

വൈറസ് തൊട്ടടുത്തുണ്ട്

ആർ.എൻ.എ.ഗണത്തിൽപ്പെട്ട ലിസ വൈറസാണ്‌ (ലിസ വൈറസ്) പേവിഷ ബാധയ്ക്കു കാരണം. വന്യജീവികളിലും ഈ വൈറസ് ഉണ്ട്. ജില്ലയുടെ ഭൂരിഭാഗവും വനാതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ നായ്ക്കളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യം മുന്നിലുള്ളതിനാൽ പ്രതിരോധ കുത്തിവെപ്പ്‌ അനിവാര്യമാണ്. മൃഗസംരക്ഷണ വകുപ്പ് എത്ര ശ്രമിച്ചാലും പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയില്ലങ്കിൽ പേ വിഷബാധ നിർമാർജന യജ്ഞം പരാജയപ്പെടുന്ന സ്ഥിതിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *