മണ്ണാർക്കാട്: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി എൻ.ഷംസുദ്ദീൻ എം.എൽ.എ നടപ്പാക്കിവരുന്ന ഫ്ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോർ അഡ്വാൻസ്മെന്റ് ഓഫ് മണ്ണാർക്കാട്സ് എഡ്യുക്കേഷൻ) സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസരംഗത്തെ നൂതനാശയങ്ങളും ചിന്തകളും പങ്കുവെക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എഡ്യു കോൺക്ലേവ് 23’ വ്യാഴം മണ്ണാർക്കാട് അൽഫായിദ കൺവെൻഷൻ സെന്ററിൽ നടക്കും.
ഉച്ചക്ക് ഒരു മണിക്ക് പ്രതിനിധികളുടെ രജിസ്ട്രേഷൻ നടക്കും. തുടർന്ന് 1.30 ന് അക്കാദമിക് സെഷനിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർമാരായ ജോസഫ് അന്നംകുട്ടി ജോസ്, മൻസൂറലി കാപ്പുങ്ങൽ വിദ്യാർത്ഥികളുമായി സംവദിക്കും. മൂന്നിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എഡ്യു കോൺക്ലേവിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷനാകും.
നിയോജകമണ്ഡലം പരിധിയിലെ  എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികൾ, വിവിധ പ്രവേശന പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ അഭിലാഷ്, ഷബീബ് അലി എന്നിവർക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുമുള്ള ഫ്ലെയിം അച്ചീവ്മെന്റ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും.
മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.പ്രീത, മരുതി മുരുകൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയരാജൻ നാമത്ത്, എ.ഇ.ഒ സി. അബൂബക്കർ, ടി.എ.സിദ്ദീഖ്, കെ.പി.എസ്. പയ്യനെടം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സജ്ന സത്താർ, ജസീന അക്കര, കെ.കെ.ലക്ഷ്മിക്കുട്ടി, എ.ഷൗക്കത്തലി, അംബിക ലക്ഷ്മണൻ, പി.രാമമൂർത്തി, ജ്യോതി അനിൽകുമാർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രസീദ, ഗഫൂർ കോൽക്കളത്തിൽ, എം.മെഹർബാൻ, പി.സി.നീതു, അസീസ് ഭീമനാട്, യു.ടി.രാമകൃഷ്ണൻ, റഷീദ് ആലായൻ, എ.കെ.അബ്ദുൽ അസീസ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പുതിയ കെട്ടിടങ്ങൾ, പാചകപ്പുര, ശുചിമുറി, സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർവൽക്കരണം, സ്കൂൾ ബസുകൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
മുൻവർഷം ഫ്ലെയിം പദ്ധതിയിലൂടെ നൽകിയ പരിശീലനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളുടെ എണ്ണം ഇരട്ടിയായി ഉയർന്നു. നൂറ് പേരാണ് ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെ നാല് വർഷത്തേക്ക് 48000 രൂപയുടെ എൻ.എം.എം.എസ് സ്കോളർഷിപ്പിന് അർഹത നേടിയത്. കേന്ദ്രസർവ്വകലാശാലകളിലേക്കുള്ള സി.യു.ഇ.ടി പരീക്ഷയിലും ഫ്ലെയിമിന്റെ പരിശീലനത്തിലൂടെ അമ്പതോളം വിദ്യാർത്ഥികൾ മണ്ഡലത്തിൽ നിന്നും യോഗ്യത നേടി. ഈ കാലയളവിൽ നിയോജകമണ്ഡലം പരിധിയിലെ വിദ്യാലയങ്ങളുടെ എസ്.എസ്.എൽ.സി വിജയശതമാനം ഗണ്യമായി ഉയർന്നു.
പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) ഓറിയന്റേഷൻ, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരിശീലനം, യു.എസ്.എസ് ഓറിയന്റേഷൻ ക്ലാസ്, മാതൃകാ പരീക്ഷ, യൂത്ത് എംപവർമെന്റ് പ്രോഗ്രാം തുടങ്ങിയവയും പത്താം ക്ലാസ് പരീക്ഷയിൽ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നൂറ് ശതമാനം കൈവരിക്കുന്നതിനുള്ള ഗൈഡൻസ് കോച്ചിങ്ങും നൽകും.
വാർത്താ സമ്മേളനത്തിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ,എഡ്യു കോൺക്ലേവ് സംഘാടക സമിതി ചെയർമാൻ ഹമീദ് കൊമ്പത്ത്,കൺവീനർ ഡോ.ടി. സൈനുൽ ആബിദ്,കെ.ജി.ബാബു,ജോബ് ഐസക്,ഷമീർ പഴേരി പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *