ഷാര്‍ജ: ഷാർജ അന്ത്രാഷ്‍ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന ജോയ് ഡാനിയേലിന്റെ കഥാസമാഹാരമാണ് ‘അമ്മിണിപ്പിലാവ്’. കൈരളി ബുക്‌സ് കണ്ണൂർ പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിൽ അവാർഡുകൾ ലഭിച്ച കഥകൾ ഉൾപ്പെടെ പതിനൊന്ന് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 
പുസ്തകത്തിന്റെ കവർ റിലീസ് ചെയ്തുകൊണ്ട് എഴുത്തുകാരൻ ബെന്യാമിൻ ഇപ്രകാരം അഭിപ്രായം പങ്കുവച്ചു. “പ്രവാസ ലോകത്തു നിന്ന് പിറക്കുന്ന ഓരോ പുസ്തകങ്ങളെയും സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഞാൻ നോക്കി കാണുന്നത്. നമുക്കന്യമായ കഥകൾ പറഞ്ഞു തരാൻ ഒരാൾ കൂടി കൂട്ടുചേരുന്നു എന്നതാണ് അതിനു കാരണം. മലയാള വാരികകളിൽ ഇതിനോടകം തന്നെ മികച്ച കഥകൾ എഴുതി ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ് ജോയ് ഡാനിയൽ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരത്തിന്  എല്ലാവിധ ഭാവുകങ്ങളും നേരുന്നു”.
കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയുടെ വാക്കുകൾ. “കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകൾ പച്ചപ്ലാവിലപോലെ പടർന്നു കിടക്കുന്നു.  മനുഷ്യനും പ്രകൃതിയും ആത്മബന്ധം സ്ഥാപിച്ച ഗ്രാമജീവിതത്തിൻറെ ഹൃദയവേദനയിൽ മുഴുകാതെ വായന അവസാനിപ്പിക്കാനാവില്ല.  സാധാരണവായനക്കാരനെ വിഭ്രമക്കോട്ടയിൽ കടത്തി വിരട്ടിവിറപ്പിക്കാത്ത ഇത്തരം കഥകൾ കൂടി പിറക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ്.   കഥയെഴുത്തിന്റെ ഭാഷയിലും രീതിയിലും ജോയി കൈവരിച്ച പാകത പ്രതീക്ഷയോടെ കാണുന്നു”.
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയാണ് ജോയ് ഡാനിയേൽ. പിതാവ് ഡാനിയേൽ, മാതാവ് ചിന്നമ്മ. കൂടൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്നു. പാം അക്ഷരതൂലിക കഥാപുരസ്‌കാരം, നവോദയ സാംസ്‌കാരികവേദി കഥാപുരസ്കാരം എന്നിവ  ലഭിച്ചിട്ടുണ്ട്. പുക്രൻ എന്ന നോവലാണ് ജോയ് ഡാനിയേലിന്റെ ആദ്യ കൃതി. ഖിസ്സ – 01, ഖിസ്സ-02 എന്നീ കഥാസമാഹാരങ്ങളുടെ എഡിറ്റർ.

By admin

Leave a Reply

Your email address will not be published. Required fields are marked *