ടെൽ അവീവ്: കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍. ഗാസയ്ക്ക് ചുറ്റം സൈനീക വിന്യാസം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നര ലക്ഷത്തോളം സൈനികരെയാണ് ഗാസ അതിർത്തിയിൽ ഇസ്രയേൽ വിന്യസിച്ചിരിക്കുന്നത്. ഇതിനിടെ കരയുദ്ധം തുടങ്ങുന്നതിന് മുന്നോടിയായി മാനുഷിക ഇടനാഴിക്ക് ശ്രമം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വെള്ളവും ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്വം നടപ്പിലാക്കാന്‍ ഒരുങ്ങി കഴിഞ്ഞെന്ന് സൈനിക വക്താക്കള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ക്കുകയാണ് കരയുദ്ധത്തിലെ ദൗത്യം. ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം റഫ പാലം ആക്രമിക്കപ്പെട്ടത് ഈ നീക്കം ക്ലേശകരമാക്കുമെന്നും റിപ്പോർട്ടുണ്ട്. മരുന്നുകൾ ഉൾപ്പെടെ ഗാസയിലെത്തിക്കാൻ ശ്രമമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെ കണക്കുകള്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം, പലസ്തീന്‍ റെഡ്ക്രസന്റ് സെസൈറ്റി, ഇസ്രയേല്‍ സൈന്യം എന്നിവരുടെ കണക്ക് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 950 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ദുരിതമുനമ്പായി ഗാസ മാറി. ഗാസ മുനമ്പിലെ ആശുപത്രികളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം നാളെയോടെ തീരുമെന്നാണ് ആരോഗ്യമന്ത്രി മായ് കായ്‌ല വ്യക്തമാക്കുന്നത്. വൈദ്യുതി നിലച്ച നിമിഷം മുതല്‍ ആശുപത്രികളിലെ സാഹാചര്യം ദാരുണമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനം ഇല്ലാതായതോടെ ഗാസയിലെ വൈദ്യുത ഉത്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏതാനും മണിക്കൂറുകള്‍ക്കകം നിലയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനിധിവേശ വെസ്റ്റ്ബാങ്കില്‍ 23 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 3007 ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് കണക്ക്. ഇതിന് പുറമെ 1500 ഹമാസ് സായുധസംഘാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇത് കൂടി കൂട്ടി മരണസംഖ്യ 3500 കവിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പോസ്റ്റ് ചെയ്ത വീഡിയോകള്‍ അഗാധമായ അസ്വസ്ഥതയുണ്ടാക്കുന്ന യുദ്ധക്കുറ്റമെന്ന് യൂറോ-മെഡ് മോനിറ്റര്‍ എന്ന മനുഷ്യാവകാശ സംഘടന. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഇവര്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘പോരാളികളെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് ഐഡിഎഫ് ഒരുവ്യാജ വീഡിയോ പോസ്റ്റ് ചെയ്തു. എന്നാല്‍ ഐഡിഎഫ് സൈനികര്‍ അവരെ പിന്നില്‍ നിന്ന് വധിക്കുന്നതിന് മുമ്പ് നിരായുധരായ വ്യക്തികള്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുകയും മുട്ടുകുത്തി കീഴടങ്ങുകയും ചെയ്യുന്നതായി അവരുടെ സ്വന്തം ഫൂട്ടേജില്‍ കാണിക്കുന്നു.
കുറ്റകൃത്യം നടന്ന സ്ഥലം പിന്നീട് വ്യാജമായി ക്രമീകരിച്ചു, കൂടാതെ മൃതദേഹങ്ങള്‍ക്കൊപ്പം റൈഫിളുകള്‍ ചേര്‍ത്തതായി തോന്നുന്നു. കൊല്ലപ്പെട്ട വ്യക്തികള്‍ വേലിയുടെ തകര്‍ച്ചയ്ക്ക് ശേഷം അത് കടന്ന സാധാരണക്കാരായിരിക്കാം. അവര്‍ കീഴടങ്ങുമ്പോള്‍ അവരെ കൊല്ലുന്നത് നിയമവിരുദ്ധമായ വധശിക്ഷയാണ്, അത് ഒരു യുദ്ധക്കുറ്റമാണ്’ എന്നാണ് യൂറോ-മെഡ് മോനിറ്റര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം ഉയരുന്നുണ്ട്. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു.
ഇതിനിടെ തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ കിബ്യൂട്ടുകളില്‍ കൂട്ടക്കുരുതി നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 40 കുഞ്ഞുങ്ങളും നിരവധി സ്ത്രീകളും വയോധികരും കൊല്ലപ്പെട്ടു.
ഇതിനിടെ ഗാസാ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടിയേറ്റക്കാര്‍ക്ക് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ഷെല്ലിങ്ങില്‍ മൂന്ന് ലെബനന്‍ ഷിയാ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ട് പലസ്തീന്‍ യോദ്ധാക്കളും ഇസ്രയേല്‍ കമാന്‍ഡറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.