കുവൈറ്റ്: ഉമ്മന്‍ ചാണ്ടിയുടെ പ്രിയ ശിഷ്യനും മുന്‍ കെഎസ്‌യു തീപ്പൊരി നേതാവുമായിരുന്ന കുവൈറ്റ് ഒഐസിസി അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങരയെക്കുറിച്ചുള്ള ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രസംഗം ശ്രദ്ധേയമായി, പ്രവാസലോകത്ത് ചര്‍ച്ചയായി മാറുന്നു.
കുവൈറ്റിലെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരിലൊരാളായി അറിയപ്പെടുന്ന വര്‍ഗീസ് പുതുക്കുളങ്ങരയെ ഉമ്മന്‍ ചാണ്ടിയോട് ഉപമിച്ചുകൊണ്ടായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകള്‍.
വര്‍ഷങ്ങളായി ഈ പ്രവാസ ലോകത്ത് ആളുകളെ സഹായിക്കാന്‍ ഓടിനടക്കുന്ന വര്‍ഗീസ് പുതുക്കുളങ്ങരയെ താന്‍ കുവൈറ്റിലെ ഉമ്മന്‍ ചാണ്ടിയായാണ് കാണുന്നതെന്ന് നിസംശയം പറയാം എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
ആരെന്ത് ആവശ്യം പറഞ്ഞാലും അതേറ്റെടുത്ത് ആള്‍ക്കാരെ സഹായിക്കാന്‍ ഓടിനടക്കുന്ന ആളാണ് വര്‍ഗീസ് ചേട്ടന്‍. അദ്ദേഹത്തെപ്പോലെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതാണ് യഥാര്‍ഥ ജീവിതം എന്ന പാഠമാണ് ഉമ്മന്‍ ചാണ്ടി പഠിപ്പിച്ചത്. കാലങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് ആ ജീവിതശൈലി പിന്തുടരുന്നയാളാണ് വര്‍ഗീസ് പുതുക്കുളങ്ങരയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കുവൈറ്റില്‍ വ്യക്തിപരവും ഔദ്യോഗികവുമായ തിരക്കുകള്‍ക്കിടയിലും മലയാളികള്‍ ആര് വിളിച്ച് ഒരു സഹായം ആവശ്യപ്പെട്ടാലും ന്യായമാണെങ്കില്‍ അതിനായി ഏതറ്റംവരെയും പോകാന്‍ സന്നദ്ധനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ആളാണ് വര്‍ഗീസ് പുതുക്കുളങ്ങര.
പ്രവാസി മലയാളികള്‍ ഓരോ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുമ്പോള്‍ അതിനായി എംബസിയിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കയറിയിറങ്ങുന്നതിനായി സമയം ചിലവഴിച്ചതുവഴി വര്‍ഷം തോറും അനവധി പ്രവൃത്തി ദിവസങ്ങള്‍ നീക്കിവച്ച് ഓടിനടന്ന അനുഭവങ്ങളുണ്ട് വര്‍ഗീസിന്‍റെ പൊതുജീവിതത്തില്‍.
മറ്റുള്ളവരുടെ കാര്യങ്ങള്‍ നടത്താന്‍ വേണ്ടി കേരളത്തിലെത്തി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വഴി കുവൈറ്റ് അധികൃതരെ വിളിപ്പിച്ച സംഭവങ്ങള്‍ പലതുണ്ട് വര്‍ഗീസിന്‍റെ അനുഭവത്തില്‍.
അതുപോലെതന്നെ, നേരത്തെ തന്നെ ടിക്കറ്റെടുത്ത് തീരുമാനിച്ച നാട്ടിലേയ്ക്കുള്ള യാത്രകള്‍ പോലും ഒരു മുന്‍പരിചയവുമില്ലാത്ത മലയാളികള്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ ശരിയാക്കിയ ശേഷം പോകാന്‍ വേണ്ടി മാറ്റിവച്ച അനുഭവങ്ങളുമുണ്ട്.
ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി നൂറുകണക്കിന് പ്രവൃത്തി ദിവസങ്ങളാണ് വര്‍ഗീസ് പുതുക്കുളങ്ങര കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി മാത്രം നഷ്ടപ്പെടുത്തിയിട്ടുള്ളത്. ആരെന്ത് പറഞ്ഞാലും സഹായമനസ്ഥിതിയോടെ ഇടപെടുന്ന വര്‍ഗീസ് കുവൈറ്റിലെ മലയാളി സമൂഹത്തിനിടയില്‍ കക്ഷി-രാഷ്ട്രീയ-സംഘടനാ ഭേദമന്യെ സ്വീകാര്യനാണ്.
ഇത് മനസിലാക്കിയാണ് കഴിഞ്ഞ ദിവസം ഒഐസിസി നാഷണല്‍ കമ്മറ്റി അബ്ബാസിയയില്‍ സംഘടിപ്പിച്ച ‘ഓണപ്പൊലിമ 2023’ -ല്‍ പ്രസംഗിച്ച ചാണ്ടി ഉമ്മന്‍ വര്‍ഗീസിനെക്കുറിച്ച് വാചാലനായത്. തൃക്കാക്കര എംഎല്‍എ ഉമാ തോമസായിരുന്നു പരിപാടിയുടെ ഉദ്ഘാടക.
ആരോഗ്യ സംബന്ധമായ കാര്യങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുരംഗത്ത് അത്ര സജീവമല്ലായിരുന്ന വര്‍ഗീസ് ‘ഓണപ്പൊലിമ 2023’ ഓടുകൂടി വീണ്ടും കുവൈറ്റിലെ പൊതുമണ്ഡലത്തില്‍ സജീവമായി മാറുകയാണ്. പരിപാടി സംഘടിപ്പിച്ചതും വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ തന്നെയായിരുന്നു.
വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു വര്‍ഗീസ്.
പിന്നീട് കുവൈറ്റിലെത്തി പ്രവാസ ജീവിതം തെരഞ്ഞെടുത്ത ശേഷവും ഒഐസിസി വഴി രാഷ്ട്രീയ-സാംസ്കാരിക രംഗത്തും പൊതു സേവനത്തിലും സജീവമായിരുന്നു വര്‍ഗീസ് പുതുക്കുളങ്ങര.