ആലപ്പുഴ: കുഞ്ഞ് അമീറയ്ക്ക് കാഴ്ച എന്നത്  മമ്മൂട്ടിയുടെ സിനിമയുടെ പേരല്ല. അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്. ആലപ്പുഴ പുന്നപ്രയിലെ ഈ അഞ്ചു വയസ്സുകാരി വെളിച്ചത്തിലേക്ക് കണ്‍ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം പരത്തുന്നു.
ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന ആലപ്പുഴ പുന്നപ്രക്കാരി കുഞ്ഞ്അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിക്ക് കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരി അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാർത്തകൾ ശ്രദ്ധയിൽ പെട്ട മലയാളത്തിന്റെ മഹാ നടൻ ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി തുടർ ചികൽസക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് നിർദ്ദേശിച്ചു. 

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റി വക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു.
കെയർ ആൻഡ് ഷെയർ ഭാരവാഹികൾ ഉടനടി ഹോസ്പിറ്റലിൽ ബന്ധപ്പെട്ടു. നേത്ര ചികത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ വർഗീസ് പാലാട്ടി ചികൽസക്ക് ആവശ്യമായ നടപടികൾ ഉടനെടി ഏകോപിപ്പിച്ചു.

കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർ ഡോ. അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തിൽ ആണ് ചികത്സ മുന്നോട്ട് പോയത്. കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയ വൻ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ച്ചയുടെ ലോകത്ത് എത്തി.
അതേ സമയം കുട്ടിയുടെ രണ്ടാമത്തെ കണ്ണ് കാഴ്ച്ച വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു പോയിരുന്നു. കണ്ണിലെ അണുബാധക്ക് കൃത്യമായി ചികത്സ യഥാ സമയം ലഭ്യമാകാതിരുന്നതാണ് ആ കണ്ണ് നഷ്ടപ്പെടാൻ കാരണമായി എന്നാണ് ഡോക്ടർമാർ പറയുന്നത്.

ലിറ്റിൽ ഫ്‌ളവറിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കസ്റ്റമെയിട് കോസ്മറ്റിക് ഐ ബോളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ പിഞ്ചോമനയുടെ  ജീവിതം തന്നെ രക്ഷിച്ച പ്രിയപ്പെട്ട മമ്മൂക്കയെ കണ്ട് ഒന്ന് നന്ദി പറയണം എന്ന് മാത്രമാണ് ആ മാതാപിതാക്കളുടെ ഇപ്പോഴുള്ള ഏക ആഗ്രഹം. “അല്ലങ്കിലും അവൾ ആ കണ്ണുകൾ കൊണ്ട് കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ ” സിദ്ദിഖ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *