ന്യൂഡല്‍ഹി: 2023 ഏപ്രിലില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 17 ഉം 16 ഉം വയസ് പ്രായമായ കുട്ടികള്‍ക്ക് നേരത്തെ പഠിച്ച സ്‌കൂളില്‍ തന്നെ പഠനം തുടരാന്‍ അനുമതി. സുപ്രീംകോടതി നിയോഗിച്ച കൗണ്‍സിലര്‍ ഡോ. കെ.സി. ജോര്‍ജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് അനുമതി നല്‍കിയത്.
221 ദിവസം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കുട്ടികളെ ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയാനും അനുവദിച്ചു. ഓപ്പണ്‍ സ്‌കൂളിംഗ് വഴി കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാമെന്നായിരുന്നു ശിശുസംരക്ഷണ സമിതിയുടെ നിലപാട്. ഇതിനെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് ഡോ. ജോര്‍ജിനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്.
റിപ്പോര്‍ട്ട് അംഗീകരിച്ച സുപ്രീംകോടതി കുട്ടിള്‍ക്ക് അലഹബാദ് സെന്റ് ജോസഫ് സ്‌കൂളില്‍ പഠനം തുടരാന്‍ അനുമതി നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് കോടതി നല്‍കിയ ഫീസായ ഒരു ലക്ഷം രൂപ ഡോ. ജോര്‍ജ് രാജസ്ഥാനിലെ ശിശുക്ഷേമ കേന്ദ്രത്തിനു കൈമാറി.