ദുബായ്: സത്യം ഓണ്‍ലൈന്‍ 12 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരിയില്‍ ദുബായില്‍ നടത്തുന്ന മെഗാ ഇവന്‍റിന് മുന്നോടിയായി ദുബായ് നഗരത്തിലൂടെ സഞ്ചരിച്ച് നടത്തിയ ‘സത്യം – കേരളീയം’ ലോഗോ പ്രകാശനം പ്രൗഢഗംഭീരവും വ്യത്യസ്തതയാര്‍ന്നതുമായി.
ലോകത്തിലെ ഏറ്റവും മികവാര്‍ന്ന നഗരങ്ങളിലൊന്നായ ദുബായ് നഗരത്തിലൂടെ ഒന്നര മണിക്കൂര്‍ സമയം കൊണ്ട് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലൂടെ സഞ്ചരിച്ചുകൊണ്ടായിരുന്നു ലോഗോ പ്രകാശന ചടങ്ങു നടന്നത്.
ദുബായ് രാജകുടുംബാംഗം ഷെയ്ക് മനാ ബിന്‍ ഹാഷിര്‍ അല്‍ മക്‌തൂം ‘സത്യം – കേരളീയം’ ലോഗോ ഇന്ത്യന്‍ പാര്‍ലമെന്‍റംഗം അഡ്വ. ഡീന്‍ കുര്യാക്കോസിനും മാനേജിംങ്ങ് ഡയറക്ടര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിനും കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ഭാവിയുടെ മാധ്യമമായി ഓണ്‍ലൈന്‍ മീഡിയകള്‍ മാറി കഴിഞ്ഞുവെന്നും ഷെയ്ക് മനാ ബിന്‍ ഹാഷില്‍ അല്‍ മക്‌തൂം പറഞ്ഞു. സത്യം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിന്‍റെ പ്രൗഢമായ മാധ്യമ പാരമ്പര്യത്തിന്‍റെ തനിമ കൈവിടാതെയുള്ള ഓണ്‍ലൈന്‍ മാധ്യമ സംസ്കാരം കെട്ടിപ്പടുക്കുന്നതില്‍ സത്യം ഓണ്‍ലൈന്‍റെ സംഭാവന അഭിനന്ദനാര്‍ഹമാണെന്ന് ലോഗോ ഏറ്റുവാങ്ങിയ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
അവധികളില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിച്ച് പ്രതിദിനം 350 -ഓളം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമം ഇതുവരെയുള്ള 12 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പോലീസ് കേസിലോ വാര്‍ത്തകളുടെ ആധികാരികത സംബന്ധിച്ച് ഏതെങ്കിലും നിയമനടപടികള്‍ക്കോ വിധേയമായിട്ടില്ലെന്നത് ഇക്കാലത്ത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അതിന് സത്യം ഓണ്‍ലൈന്‍ ടീമിനെ എംപി അഭിനന്ദിച്ചു.
സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സത്യം ഓണ്‍ലൈന്‍ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരിയില്‍ ദുബായില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ദുബായ് മലയാളികള്‍ക്കായി ‘സത്യം – കേരളീയം’ അവാര്‍ഡ് സമര്‍പ്പണവും മലയാള ഓണ്‍ലൈന്‍ മീഡിയ രംഗത്തെ ആദ്യ വൈറല്‍ കോളമായ ‘ദാസനും വിജയനും’ പംങ്തിയുടെ 250 -ാം എപ്പിസോഡിന്‍റെ ആഘോഷവും നടത്തുമെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ പറഞ്ഞു.
സത്യം ഓണ്‍ലൈന്‍ ഡയറക്ടറും ആര്‍ട്ട് യുഎഇ സ്ഥാപകനുമായ സത്താര്‍ അല്‍ കരണ്‍, ബ്ലാക് തുലിപ് ഫ്ലവേഴ്സ് ജനറല്‍ മാനേജര്‍ എബ്രാഹം പി സണ്ണി, പി.കെ ആന്‍റണി പ്ലാമൂട്ടില്‍, മാധ്യമ പ്രവര്‍ത്തകന്‍ സഖറിയ, ദുബായ് ഇന്‍കാസ് ഭാരവാഹികള്‍ ഉള്‍പ്പെടെ നഗരപ്രദക്ഷിണമായി നടന്ന ചടങ്ങില്‍ പങ്കെടുത്തു.