ഭക്ഷണവും ഇന്ധനവും പ്രവേശിപ്പിക്കുന്നത് തടയുന്നത് ഉള്‍പ്പെടെ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍. ഇസ്രായേലും ഹമാസ് ഭീകരരും തമ്മില്‍ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇരുവശത്തുമായി 1,100-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിലെ 44 സൈനികര്‍ ഉള്‍പ്പെടെ 700-ലധികം പേര്‍ കൊല്ലപ്പെട്ടു.
ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.’ വൈദ്യുതി, ഭക്ഷണം, ഇന്ധനം എല്ലാം നിരോധിക്കും. മനുഷ്യ മൃഗങ്ങളോടാണ് യുദ്ധം ചെയ്യുന്നത്. അതിനനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.’- ഗാലന്റ് വ്യക്തമാക്കി.
ഞായറാഴ്ചയാണ് പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിനെതിരെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചത്. ഭീകര സംഘടനയുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അതേസമയം ഇസ്രായേലിന്റെ നിരന്തര വ്യോമാക്രമണം നേരിട്ട ഗാസയില്‍, 493 ഓളം മരണങ്ങള്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ആരംഭിച്ച് 48 മണിക്കൂറിന് ശേഷം ഗാസയ്ക്ക് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
”ഇസ്രായേലിനകത്ത് ഇസ്രായേല്‍ പ്രതിരോധ സേനയും ഹമാസും തമ്മില്‍ ഒരു പോരാട്ടവും നടക്കുന്നില്ല, ഗാസ മുനമ്പിന് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും നിയന്ത്രണം ഐഡിഎഫ് വീണ്ടും ഏറ്റെടുത്തു.”- ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിഷന്‍ ഡാനിയല്‍ ഹഗാരിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാനവാഹിനിക്കപ്പലിനെയും യുദ്ധക്കപ്പലുകളുടെ സംഘത്തെയും അയക്കാന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ വാഷിംഗ്ടണ്‍ ഈ മേഖലയില്‍ യുദ്ധവിമാന വ്യൂഹം വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.