അരിയല്ലൂർ: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂർ വില്ലേജിലാണ് സ്ഫോടനമുണ്ടായത്. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലാളികൾ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
സ്ഫോടനത്തിൽ പടക്ക നിർമാണശാലയും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രാജേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. രാവിലെ പത്തിനായിരുന്നു സംഭവം.
പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരാൻ തുടങ്ങി. ഇതോടെ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
പരിക്കേറ്റ തൊഴിലാളികളെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അരിയല്ലൂർ ഗവണ്മെന്റ് കോളജ് ആശുപത്രിയിലേക്കും മാറ്റി.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും നൽകും. രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകാൻ രണ്ട് മന്ത്രിമാരെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി.