അബുദബി: പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക പങ്കുവച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ കടുത്ത ആശങ്ക പങ്കുവെക്കുന്നതായും യുഎഇ വ്യക്തമാക്കി.
പലസ്തീന്‍-ഇസ്രായേല്‍ സമാധാനത്തിനായി രൂപീകരിച്ച യുഎന്‍,യുഎസ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരടങ്ങിയ സമിതി അടിയന്തരമായി പുനര്‍ജീവിപ്പിക്കണമെന്ന ആവശ്യവും യുഎഇ മുന്നോട്ട് വച്ചു. ഇരുപക്ഷവും വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന് സൗദി അറേബ്യയും ആവശ്യപ്പെട്ടു.
സംഘര്‍ഷ ഭൂമിയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്ന് ഖത്തറും ഒമാനും ഉള്‍പ്പെടെയുളള രാജ്യങ്ങളും ആവശ്യപ്പെട്ടു.
അതേസമയം, ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 900ലധികം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ 198 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ യുഎന്‍ അപലപിച്ചു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. നാളെ യുഎന്നിന്റെ അടിയന്തര സുരക്ഷാ സമിതി യോഗം ചേരുന്നുണ്ട്.