ന്യൂയോര്‍ക്ക്: ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷത്തില്‍ പശ്ചിമേഷ്യ ഉരുകുന്നതിനിടെ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കി അമേരിക്ക. തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. 
ഇസ്രയേലിന് എല്ലാവിധ സഹായവും നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ചൂണ്ടിക്കാട്ടി ബൈഡനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിക്കുന്നത്. ഇറാന് നല്‍കിയ സഹായമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമായതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്.
യു എന്‍ ഉടനടി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലില്‍ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയന്‍ നയതന്ത്രജ്ഞന്‍ സെര്‍ജിയോ ഫ്രാന്‍സ് ഡാനിസിനും കത്തയച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *