സ്‌കോഡ അധികം വൈകാതെ ഒരു പുതിയ സബ് 4 മീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്ന സ്‌കോഡ കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും വന്‍ വിജയമായിരുന്നു. മാന്യമായ വില്‍പ്പന നേടുന്ന ഈ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.
വരാനിരിക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി MQB A0 IN പ്ലാറ്റ്ഫോമിന്റെ സ്‌കെയില്‍-ഡൗണ്‍ പതിപ്പായിരിക്കും ഉപയോഗിക്കുക. നിലവിലെ സ്‌കോഡ കാറുകള്‍ പിന്തുടരുന്ന ഡിസൈന്‍ ഭാഷയായിരിക്കും ഈ പുതിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവി പിന്തുടരുക. ബോള്‍ഡ്, പ്രീമിയം ലുക്കിലായിരിക്കും പുതിയ എസ്‌യുവിയുടെ എക്‌സ്റ്റീരിയര്‍ പൂര്‍ത്തിയാക്കുക.
കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന അതേ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പുത്തന്‍ മോഡലിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനില്‍ ആയിരിക്കും കാര്‍ എത്തിയേക്കുക. എഞ്ചിന്‍ അതേ പവര്‍ഔട്ട്പുട്ട് നല്‍കുമോ എന്ന് പറയാന്‍ സാധിക്കില്ല. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കും.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ലെതറൈറ്റ് അപ്‌ഹോള്‍സ്റ്റി തുടങ്ങി നിരവധി ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചായിരിക്കും കാര്‍ എത്തുക. വിപണിയില്‍ നിന്നുള്ള പ്രതികരണം നോക്കിയ ശേഷം ഫോക്‌സ്‌വാഗണ്‍ സമാനമായ മോഡലുമായി അരങ്ങേറാന്‍ സാധ്യതയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *