ജിദ്ദ: ഇസ്രായേൽ – ഹമാസ് പോര് മൂർച്ഛിച്ച് സമ്പൂർണ യുദ്ധ സാഹചര്യം മേഖലയിൽ ആശങ്ക പടർത്തുകയാണ്. ഏതാനും ദിവസങ്ങളായി അൽഅഖ്‌സാ പള്ളിയിൽ സൈന്യത്തിന്റെ പിന്തുണയോടെ ഇസ്രായേൽ നേതാക്കളും കുടിയേറ്റക്കാരും നടത്തിവരുന്ന കയ്യേറ്റങ്ങൾക്ക് തിരിച്ചടിയായി ഗാസയിൽ നിന്ന് മിസൈലുകൾ ഇസ്രേയേൽ അധിനിവിഷ്ട പ്രദേശത്ത് പതിച്ചതോടെയാണ് ഒരിക്കൽ കൂടി മിഡിൽ ഈസ്റ്റ് മേഖല യുദ്ധാന്തരീക്ഷത്തിന് ഇരയായിരിക്കുന്നത്.
അയ്യായിരത്തോളം റോക്കറ്റുകളാണ് ഗാസയിൽ നിന്ന് തങ്ങൾ ഇസ്രായേലിലേക്ക് തൊടുത്തു വിട്ടതെന്ന് ഫലസ്തീൻ വിമോചന സേനയായ ഹമാസ് അവകാശപ്പെട്ടു. ഇതിന്റെ ഫലമായി ഇസ്രായേൽ കൈയടക്കി വെച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ സ്ഫോടനകളും മറ്റു നാശനഷ്ടങ്ങളും ഉണ്ടായി. ഒരു ഇസ്രായേൽകാരി മരണപ്പെടുകയും ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേലിന്റെ മാഗൻ ഡേവിഡ് അഡോം (എംഡിഎ) റെസ്ക്യൂ സർവീസ് അറിയിച്ചു.
ടെൽഅവീവിലെ ബിൻഗോറിയൻ വിമാനത്താവളത്തിലെ വരവ് പോക്കുകൾ നിർത്തിവെച്ചിരിക്കയാണ്. ഇസ്രായേൽ മിനി അടിയന്തര മന്ത്രിസഭാ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് യോഗം ചേർന്ന് ഹമാസിനെ നേരിടുന്നത് ചർച്ച ചെയ്തു നടപടികൾ കൈക്കൊള്ളും. അതേസമയം, ഇസ്രായേൽ യുദ്ധജാഗ്രതാ സാഹചര്യമാണ് നേരിടുന്നതെന്ന പ്രസ്താവനയും അവർ പുറത്തിറക്കിയിട്ടുണ്ട്. സൈനികരെ സജ്ജമാക്കുകയും റിസർവ് സൈന്യത്തെ വിളിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇസ്രായേൽ പ്രതിരോധ സേന പറയുന്നു.
ഗാസയിൽ നിന്നുള്ള നിരവധി പോരാളികൾ ഇസ്രായേൽ പ്രദേശത്തേക്ക് കടന്നതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ഗാസയ്ക്ക് സമീപം താമസിക്കുന്ന ഇസ്രായേലികൾക്ക് അവരുടെ വീടുകളിൽ തുടരാൻ മുന്നറിയിപ്പ് നൽകി.
അൽഅഖ്‌സാ പള്ളിയിലും ഇസ്ലാമിക കേന്ദ്രങ്ങളിലും ഇസ്രായേൽ സേനയും കുടിയേറ്റക്കാരും നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സൗദി അറേബ്യ, മറ്റു മുസ്ലിം കേന്ദ്രങ്ങൾ എന്നിവർ ശക്തമായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു.