ടെല്‍അവീവ്: ഇസ്രായേല്‍ യുദ്ധത്തിലാണെന്നും യുദ്ധം ജയിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രു ഒരിക്കലും അറിയാത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കി. ഹമാസ് ആക്രമണത്തോടുള്ള നെതന്യാഹുവിന്റെ ആദ്യപ്രതികരണമാണിത്. വീഡിയോ പ്രസ്താവനയിലൂടെയാണ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്.
ഇതിനിടെ കരയിലൂടെയും കടലിലൂടെയും ഗാസക്കെതിരായ ആക്രമണം ഇസ്രായേല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഹമാസ് ആക്രമണത്തില്‍ ഗാസ മുനമ്പിന്റെ വടക്ക്കിഴക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലെ പ്രാദേശിക കൗണ്‍സിലിന്റെ തലവന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക കൗണ്‍സില്‍ പ്രസിഡന്റ് ഒഫിര്‍ ലീബ്സ്റ്റീന്‍ കൊല്ലപ്പെട്ടുവെന്ന് ഷാര്‍ നെഗേവ് റീജിയണല്‍ കൗണ്‍സിലാണ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
ഹമാസ് ആക്രമണത്തില്‍ ആറ് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 200ഓളം പേര്‍ക്ക് പരിക്കേറ്റതായും 24ഓളം പേരുടെ പരിക്ക് ഗുരുതരമെന്നും റിപ്പോർട്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.