എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് ഹോണ്ട എലിവേറ്റിനെയും രംഗത്തിറക്കി അരങ്ങുവാഴാൻ തയാറെടുത്തപ്പോഴേക്കും സെഗ്മെന്റ് കൈയിലെടുക്കാനായി പുതിയൊരു മോഡൽ കൂടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ തങ്ങളുടെ തുറുപ്പുചീട്ടായ C3 എയർക്രോസിനെയാണ് വിപണിയിലേക്ക് ഇറക്കിയിരിക്കുന്നത്.
സിട്രൺ C3 എയർക്രോസിന്റെ പ്രാരംഭ വില പ്രഖ്യാപിച്ച് ഞെട്ടിച്ച കമ്പനി ഇപ്പോഴിതാ പുത്തൻ എസ്യുവിയുടെ എല്ലാ വേരിയന്റുകളുടേയും വില പ്രഖ്യാപനവും നടത്തിയിരിക്കുകയാണിപ്പോൾ. വരാനിരിക്കുന്ന ഉത്സവ സീസൺ തൂക്കാനുള്ള ആക്രണമാത്മകമായ വില നിർണയമാണ് വാഹനത്തിന് നിശ്ചയിച്ചിരിക്കുന്നത്.
യൂ, പ്ലസ്, മാക്സ് എന്നിങ്ങനെ മൊത്തത്തിൽ മൂന്ന് വേരിയന്റുകളാണ് സിട്രൺ C3 എയർക്രോസിനുള്ളത്. ഇതിൽ എല്ലാ മോഡലുകളും സ്റ്റാൻഡേർഡായി 5 സീറ്റ് ഓപ്ഷൻ അവതരിപ്പിക്കുമ്പോൾ 7 സീറ്റ് കോൺഫിഗിറേഷൻ വേണ്ടവർക്ക് ടോപ്പ് എൻഡ് വേരിയന്റിലാവും ഇതിനുള്ള ഓപ്ഷൻ ലഭിക്കുക. 46 നഗരങ്ങളിലെ 51 ലാ മൈസൺ സിട്രൺ ഫിജിറ്റൽ ഷോറൂമുകളിലൂടെയാണ് നിർമാതാവ് മിഡ്-സൈസ് എസ്യുവി ഇപ്പോൾ വിൽക്കുന്നത്.
പോളാർ വൈറ്റ് വിത്ത് പ്ലാറ്റിനം ഗ്രേ റൂഫ്, പോളാർ വൈറ്റ് വിത്ത് കോസ്മോ ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് പോളാർ വൈറ്റ് റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് കോസ്മോ ബ്ലൂ റൂഫ്, പ്ലാറ്റിനം ഗ്രേ വിത്ത് പോളാർ വൈറ്റ് റൂഫ്, കോസ്മോ ബ്ലൂ വിത്ത് പോളാർ വൈറ്റ് റൂഫ് എന്നിവയാണ് എസ്യുവിയിലെ ഡ്യുവൽ-ടോൺ ഓപ്ഷനുകൾ. ഡ്യുവൽ-ടോണും വൈബ് പായ്ക്കും പ്ലസ്, മാക്സ് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.