ഇന്ത്യയിൽ ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വാഹനങ്ങള്‍ കുട്ടപ്പനാക്കി പുറത്തിറക്കുന്ന തിരക്കിലാണ് വാഹന നിര്‍മാതാക്കള്‍. ഇപ്പോള്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഏറോക്‌സ് 155 സ്‌കൂട്ടറിന്റെ 2023 മോട്ടോജിപി എഡിഷന്‍ പുറത്തിറക്കി. 1,48,300 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍, സില്‍വര്‍ എന്നിവയാണ് മറ്റ് കളര്‍ ഓപ്ഷനുകള്‍. 2023 യമഹ എയ്റോക്സ് മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി എഡിഷന്റെ ഡിസൈനിലേക്ക് നോക്കുമ്പോള്‍ ഫ്രണ്ട് ഫെന്‍ഡറിലും ഫെയറിംഗിലുമാണ് മോണ്‍സ്റ്റര്‍ എനര്‍ജി ലോഗോ നല്‍കിയിരിക്കുന്നത്. ഫ്‌ലൈ സ്‌ക്രീനിലും സൈഡ് പാനലുകളിലുമാണ് എഴുത്ത് പ്രത്യക്ഷപ്പെടുന്നത്.
കറുപ്പ് നിറത്തില്‍ തീര്‍ത്ത അലോയി വീലുകളും സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റവുമാണ് മറ്റ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. റോഡിലെ കാഴ്ചമെച്ചപ്പെടുത്തുന്ന കൂടുതല്‍ തെളിച്ചമുള്ള ക്ലാസ് D ഹെഡ്‌ലൈറ്റിന്റെ സാന്നിധ്യമാണ് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്. ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും (TCS) ഈ പെര്‍ഫോമന്‍സ് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ്, മെറ്റാലിക് ബ്ലാക് എന്നിവ ഡീലക്‌സ് ട്രിമ്മില്‍ മാത്രമാകും ലഭിക്കുക. 1,28,900 രൂപയാണ് പുതിയ നിറങ്ങളില്‍ ബൈക്ക് വാങ്ങാന്‍ നല്‍കേണ്ട എക്‌സ്‌ഷോറൂം വില. DLX വേരിയന്റിനേക്കാള്‍ 500 രൂപ മാത്രമാണ് കൂടുന്നത്. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ രണ്ട് പുത്തന്‍ ലോഞ്ചുകളും യമഹ ഒരുക്കി വെച്ചിട്ടുണ്ട്.