ചെന്നൈ: ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ ടീം ഇന്ത്യയ്ക്ക് തിരിച്ചടി. മികച്ച ഫോമിലുള്ള യുവതാരം ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഞായറാഴ്ച ആസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ-ആസ്‌ട്രേലിയ മത്സരം. ഇതിനായി ചെന്നൈയിലെത്തിയ ഇന്ത്യൻ സംഘത്തിൽ ഗില്ലുമുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിനു ഡെങ്കി ബാധിച്ചത്. നിലവിൽ ചികിത്സയിലാണുള്ളതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇന്നലെ നടന്ന ഇന്ത്യൻ ടീമിന്റെ ട്രെയിനിങ് സെഷനിൽ ഗിൽ പങ്കെടുത്തിരുന്നില്ല. ഇന്ന് ബി.സി.സി.ഐ മെഡിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പരിശോധന നടക്കുമെന്നാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരത്തെ അടുത്ത മത്സരങ്ങളിൽ കളിപ്പിക്കുന്ന കാര്യം തീരുമാനിക്കുക.