നിർഭയം പ്രവർത്തിക്കുന്ന ഏതൊരു മാധ്യമ പ്രവർത്തകനും അർധരാത്രിയിൽ വാതിലിൽ മുട്ടുകേട്ട് എഴുന്നേൽക്കേണ്ടിവരും. ഇന്ത്യയുടെ ന്യൂസ് റൂമുകളിൽ ഭയമാണ് നിറഞ്ഞ വികാരം. ഓരോ വാർത്ത എഴുതുമ്പോഴും അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് നൂറു തവണ ഓർമിക്കേണ്ടിവരുന്നു. പ്രലോഭനം, സമ്മർദങ്ങൾ, ഒന്നിനും വഴങ്ങിയില്ലെങ്കിൽ ജയിൽ മുറികൾ. കീഴടങ്ങാനാവാതെ എത്ര മാധ്യമ പ്രവർത്തകർക്ക് മുന്നോട്ട് പോകാനാവും. വിമർശനാത്മക വീക്ഷണങ്ങൾ സംരക്ഷിക്കപ്പെടാതെ എങ്ങനെയാണ് ആരോഗ്യമുള്ള ജനാധിപത്യമുണ്ടാകുക?
കൊൽക്കത്തയിൽനിന്ന് ഇറങ്ങുന്ന ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പേര് വായനാശീലമുള്ള മലയാളിയുടെ നാവിൻതുമ്പിൽ എപ്പോഴും തത്തിക്കളിച്ചത് ഭാവനാസമ്പന്നനും നിർഭയനുമായ ഒരു മലയാളി പത്രാധിപരുടെ സാന്നിധ്യം കൊണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റർ സ്ഥാനത്തുനിന്ന് എഡിറ്റർ അറ്റ് ലാർജ് സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ട ആർ. രാജഗോപാൽ കൊൽക്കത്ത പത്രത്തിന് ദേശീയ തലത്തിൽ പ്രശസ്തി നേടിക്കൊടുത്തത് അതിന്റെ സവിശേഷമായ തലക്കെട്ടുകൾ കൊണ്ടായിരുന്നു. രാഷ്ട്രീയം ജ്വലിച്ച ആ തലക്കെട്ടുകളുടെ ജന്മരഹസ്യത്തെക്കുറിച്ച് രാജഗോപാൽ കഴിഞ്ഞ ദിവസം തൃശൂരിൽ സംസാരിച്ചു.
വാർത്താമുറികളെ ഭയം ഗ്രസിക്കുന്നതായും വരിഞ്ഞുമുറുക്കുന്ന സമ്മർദത്തിൽനിന്ന് മോചനം നേടാനുള്ള വഴിയാണ് തലക്കെട്ടുകളെന്നും അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ നിർഭയത്വമല്ല, ശരിയായി വാർത്ത എഴുതാൻ പറ്റാതെ മുട്ടിടിക്കുന്നതിന്റെ പരിഹാരമാണ് ഈ തലക്കെട്ടുകളെന്നാണ് ആത്മവിമർശത്തോടെ അദ്ദേഹം പറഞ്ഞത്. ന്യൂസ് റൂമുകളിൽ ഭയം വിതച്ച് കേന്ദ്ര ഭരണാധികാരികൾ വാർത്തയും തലക്കെട്ടുകളും മാറ്റിക്കുന്ന അസംബന്ധമാണ് രാജ്യത്ത് അരങ്ങേറുന്നത്. തന്റെ തന്നെ വ്യക്തിപരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അയോധ്യ കേസിലും റഫാൽ കേസിലും സർക്കാരിന് അനുകൂലമായി വിധി പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗോഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ, കോവിഡിനേക്കാൾ അപകടം കോവിന്ദ് എന്ന് താൻ തലക്കെട്ടെഴുതി. അത് മാറ്റാൻ കേന്ദ്ര മന്ത്രി സമ്മർദം ചെലുത്തിയെങ്കിലും താൻ വഴങ്ങിയില്ല. അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽനിന്ന് നോട്ടീസ് ലഭിച്ചു. സെൻഷ്വർ നേരിടേണ്ടി വന്നു. ഇത്തരം സമ്മർദങ്ങൾ മാധ്യമങ്ങളിൽ തുടരുകയാണെന്നും രാജഗോപാൽ പറഞ്ഞു.
ഇത്തരം തലക്കെട്ടുകളാണ് രാജഗോപാലിന്റെ പദവി തെറിക്കാൻ ഇടയാക്കിയത്. അദ്ദേഹത്തെ പുറത്താക്കാൻ ടെലിഗ്രാഫ് ശ്രമിച്ചില്ല. പകരം കാര്യമായൊന്നും ചെയ്യാനില്ലാത്ത ഒരു പദവിയിലേക്ക് പ്രൊമോട്ട് ചെയ്തു. തലക്കെട്ടുകൾക്ക് ഇനി മൂർച്ച കുറയുമെന്നാവും കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. എഡിറ്റർമാർ സുഖമായി ഉറങ്ങുന്ന രാത്രികളിൽ പുറത്തിറങ്ങുന്നത് യഥാർഥ പത്രമാവില്ലെന്ന രാജഗോപാലിന്റെ വാക്കുകൾ ഇന്ത്യൻ മാധ്യമ ലോകം ഇന്നെത്തി നിൽക്കുന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. കീഴടങ്ങാനാവാതെ എത്ര എഡിറ്റർമാർക്ക് മുന്നോട്ട് പോകാനാവും. ദേശീയ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന വമ്പൻ പത്രങ്ങളും ചാനലുകളും സർക്കാരിന്റെ സമ്മർദങ്ങൾക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ മുട്ടുമടക്കിയപ്പോൾ ജനങ്ങളുടെ അറിയാനുള്ള അവകാശം ഉയർത്തിപ്പിടിച്ചത് പലപ്പോഴും ബദൽ ഓൺലൈൻ മാധ്യമങ്ങളാണ്. അവയുടെ കാലുകളിലും ചങ്ങല വീഴുന്നതിന്റെ ലക്ഷണമാണ് ന്യൂസ് ക്ലിക് പോർട്ടലിനെതിരായ വേട്ടയാടൽ തെളിയിക്കുന്നത്.
ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള, മുംബൈയിലും ദേശീയ തലസ്ഥാന മേഖലയിലുടനീളമുള്ള 50 ലധികം സ്ഥലങ്ങളിൽ ഒരു ദിവസം നീണ്ടുനിന്ന തെരച്ചിലിനും പിടിച്ചെടുക്കലിനും ചോദ്യം ചെയ്യലിനും ഒടുവിൽ ദൽഹി പോലീസ് ചൊവ്വാഴ്ച പറഞ്ഞത് ഇങ്ങനെയാണ്: ‘സംശയിക്കുന്ന 37 പുരുഷന്മാരെ ചോദ്യം ചെയ്തു. സംശയാസ്പദമായ ഒമ്പത് സ്ത്രീകളെയും ചോദ്യം ചെയ്തു -മാധ്യമ പ്രവർത്തകരെ വിവരിക്കാൻ ഉപയോഗിക്കുന്ന ഭാഷ പോലീസ് ഭാഷയായിരിക്കാം. എന്നാൽ അത് വെളിപ്പെടുത്തുന്ന ഒരു സാംസ്‌കാരിക ചിത്രമുണ്ട്. ദേശീയ തലത്തിൽ ആദരിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ചാണ് ഈ പറഞ്ഞതെന്നോർക്കണം. അക്കൂട്ടത്തിൽ ചരിത്രകാരൻ സുഹൈൽ ഹാഷ്മി മുതൽ എഴുത്തുകാരി ഗീത ഹരിഹരൻ വരെയുണ്ട്.
ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്, അതിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകയസ്ത, ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തി എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. അശുഭകരമായ നിഴൽ ഇനിയും പലരിലും തൂങ്ങിക്കിടക്കുന്നു. ഒരു മാധ്യമ സ്ഥാപനത്തെ ഭയപ്പെടുത്താൻ ക്രൂരമായ നിയമം വിന്യസിക്കപ്പെടുന്നത് ആശങ്കകൾക്ക് അടിവരയിടുന്നു. അറിയാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെക്കുറിച്ചും നിർണായകമായ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഇത് ഉയർത്തുന്നു. മാത്രമല്ല, ഒരു പൗരന്റെ ലാപ്‌ടോപും ഫോണും പിടിച്ചെടുക്കുന്നത് ഭരണഘടനാപരമായി ഉറപ്പു നൽകുന്ന നിരവധി അവകാശങ്ങളുടെ ലംഘനമാണ്. ലാപ് ടോപുകളുടെ ഹാഷ് വാല്യൂ പോലും രേഖപ്പെടുത്താതെയാണ് അവ എടുത്തുകൊണ്ടുപോയത്. ഇത് അവയിൽ ഡാറ്റ തിരുകിക്കയറ്റാൻ പോലീസിനെ സഹായിക്കും. അത്തരം സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്.
ചൈനയുമായുള്ള ഇന്ത്യയുടെ വഷളായ നയതന്ത്ര ബന്ധമാണ് മാധ്യമ സ്ഥാപനത്തിനെതിരെ കേന്ദ്രം ആയുധമാക്കുന്നത്. ചൈനീസ് അനുകൂല വാർത്തകൾ ചമയ്ക്കാൻ ഫണ്ട് സ്വീകരിച്ചുവെന്നാണ് ന്യൂസ് ക്ലിക്കിനെതിരായ ആരോപണം. എഫ്.ഡി.ഐ മാനദണ്ഡങ്ങളും മറ്റു നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് 2020 ഓഗസ്റ്റിൽ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഒരു എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. 2021 ഫെബ്രുവരിയിൽ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി തെരച്ചിൽ നടത്തി. 2021 ജൂണിൽ സ്ഥാപനത്തിനെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ദൽഹി ഹൈക്കോടതി ഇ.ഡിയോട് നിർദേശിച്ചു. ആ സംരക്ഷണം പിന്നീട് കോടതി നീട്ടുകയും വിഷയം ഒക്ടോബർ 9 ന് വാദം കേൾക്കുന്നതിന് ലിസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനിടയിലാണ് യു.എ.പി.എ ചുമത്തി ചൊവ്വാഴ്ച പോലീസ് നടപടി എടുത്തതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു എല്ലാ നീക്കങ്ങളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻഫോഴ്‌സ്‌മെന്റ് കേസ് വിവരങ്ങളുടെ പകർപ്പ് ന്യൂസ് ക്ലിക്കിന് നൽകിയിട്ടില്ലെന്ന് ഒന്നിലധികം തവണ ഹൈക്കോടതിയോട് പറഞ്ഞതാണ്. കേസിൽ എന്തിനാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതെന്ന് 2021 ഓഗസ്റ്റിൽ കോടതി ചോദിച്ചു. ദൽഹി കലാപം, സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ, കർഷക പ്രക്ഷോഭം, രാഷ്ട്രീയ തർക്കവിഷയങ്ങൾ തുടങ്ങി സർക്കാരിന് തലവേദന സൃഷ്ടിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും കസ്റ്റഡിയിലെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരോട് ചോദ്യങ്ങളുയർന്നു.
ന്യൂസ് ക്ലിക്കിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് പോകുന്നതിൽ പ്രശ്‌നമില്ല. മാധ്യമ സ്ഥാപനമായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടി വരും. എന്നാൽ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ന്യൂസ് ക്ലിക് പറയുന്നു. തങ്ങൾ പ്രസിദ്ധീകരിച്ചതെല്ലാം പൊതുമധ്യത്തിലുള്ളതാണ്. അത് ആർക്കും പരിശോധിക്കാവുന്നതാണ്. ചൈനയെ അനുകൂലിക്കുന്നതൊന്നും അതിലില്ല. കേസുകൾക്കൊടുവിൽ വർഷങ്ങൾ കോടതി വരാന്തകൾ നിരങ്ങിയ ശേഷം ഈ പത്രപ്രവർത്തകർ കുറ്റവിമുക്തരായേക്കാം. എന്നാൽ അത്രയും കാലം രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾ ഭീതിയുടെ നിഴലിൽ കഴിയേണ്ടിവരും. കഴിഞ്ഞ ഏപ്രിലിൽ മീഡിയവൺ കേസിൽ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ദേശീയ സുരക്ഷ അവകാശവാദങ്ങൾ വായുവിൽനിന്ന് നിർമിക്കാൻ കഴിയില്ലെന്ന് സർക്കാരിനെ ഓർമിപ്പിക്കുകയുണ്ടായി. ദേശീയ സുരക്ഷയെ പൗരന്മാരെ അഴിക്കുള്ളിലാക്കാനുള്ള ഉപകരണമായി ഭരണകൂടം ഉപയോഗിക്കുന്നതെങ്ങനെയെന്നും അവർ ചൂണ്ടിക്കാണിച്ചു. ഏതൊരു പ്രശ്‌നത്തിന്റെയും പരിഹാരം നിയമ വാഴ്ചയുമായി പൊരുത്തപ്പെടുന്നതാകണം. വിമർശനാത്മക വീക്ഷണങ്ങളുടെ സംരക്ഷണം മാധ്യമങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും അന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു. ഈ വാക്കുകൾ വീണ്ടും ഓർമിപ്പിക്കേണ്ടതുണ്ട്, ആ വരികൾ വീണ്ടും ആവർത്തിക്കേണ്ടതുണ്ട്. ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെ സംരക്ഷണത്തിന് അവ അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ അർധരാത്രിയിൽ ഭരണകൂടം വാതിലിൽ മുട്ടുമ്പോൾ നമുക്ക് ഉത്തരമുണ്ടാകില്ല.
രാജഗോപാലിന്റെ വാക്കുകൾ ഒരിക്കൽ കൂടി ഓർക്കാം: എഡിറ്റർമാർ സുഖമായി ഉറങ്ങുന്ന രാത്രികളിൽ യഥാർഥ മാധ്യമ പ്രവർത്തനം നടക്കുന്നില്ല.
2023 October 6Articlesഎ.എം. സജിത്ത് title_en: vellivelicham