ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ മൂന്നാം ഭാഗം ഒക്ടോബർ 6 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.
വെള്ളിയാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ 2001 മുതൽ 2004 വരെ ട്രിനിറ്റി ഇടവകയുടെ മുൻ വികാരിയായിരുന്ന, മാർത്തോമാ സഭയുടെ സജീവ സേവനത്തിൽ നിന്ന് 2018 ൽ വിരമിച്ച് ഇപ്പോൾ റാന്നി കരിമ്പനാംകുഴിയിൽ സ്വഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന റവ.ടി.വി.ജോർജ് ആമുഖ പ്രസംഗം നടത്തും. ടി.വി.ജോർജ് അച്ചന്റെ മകനും ഇപ്പോൾ മലപ്പുറം, പെരിന്തൽമണ്ണ മാർത്തോമാ ഇടവകകളുടെ വികാരിയുമായ റവ.അജിത്.വി. ജോർജ് ദൈവ വചന പ്രഘോഷണം നടത്തും.
ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകും. വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തിന്ന് പാസഡീന ഏരിയ പ്രാർത്ഥന ഗ്രൂപ്പ് നേതൃത്വം നൽകും. ആഗസ്ത്, സെപ്തംബര് മാസങ്ങളിൽ നടന്ന യോഗങ്ങളിൽ മുൻ വികാരിമാരായ റവ ഡോ ടി ജെ തോമസ്, റവ. എം.ജെ തോമസ് കുട്ടി എന്നിവർ ദൈവവചന പ്രഘോഷണം നടത്തി.
റിപ്പോര്‍ട്ട്: എം.ടി.മത്തായി