അഹമ്മദാബാദ് – ഓപണര്‍ ഡേവോണ്‍ കോണ്‍വെ (83 പന്തില്‍ 100 നോട്ടൗട്ട്) ഈ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടുകയും രചിന്‍ രവീന്ദ്ര സെഞ്ചുറിയിലേക്ക് കുതിക്കുകയും ചെയ്തതോടെ (70 പന്തില്‍ 87 നോട്ടൗട്ട്) നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്റ് വിജയത്തിലേക്ക്. ജയിക്കാന്‍ 283 റണ്‍സ് വേണ്ട കിവീസ് എട്ടിനടുത്ത് റണ്‍റെയ്റ്റിലാണ് കുതിക്കുന്നത്. 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. സാം കറണ്‍ തന്റെ ആദ്യ പന്തില്‍ വില്‍ യംഗിനെ (0) പുറത്താക്കിയ ശേഷമാണ് കോണ്‍വെയും ഇന്ത്യന്‍ വംശജനായ രചിനും കടഞ്ഞാണേറ്റെടുത്തത്. ഒരു ഇംഗ്ലണ്ട് ബൗളറെയും അവര്‍ വെറുതെ വിട്ടില്ല. രചിന്‍ നാല് സിക്‌സറും എട്ട് ബൗണ്ടറിയും പായിച്ചപ്പോള്‍ കോണ്‍വെ രണ്ട് സിക്‌സറും 13 ബൗണ്ടറിയും പറത്തി. ഇരുവരും 36 പന്തിലാണ് അര്‍ധ ശതകം തികച്ചത്. ആര് ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടുമെന്നതായിരുന്നു ചോദ്യം. ഇരുഭാഗത്തു നിന്നുമുള്ള കടന്നാക്രമണത്തില്‍ ഇംഗ്ലണ്ടിന് മറുപടിയുണ്ടായില്ല. കോണ്‍വെയുടെ അഞ്ചാം സെഞ്ചുറിയാണ് ഇത്. രചിന്‍ ആദ്യ സെഞ്ചുറിയിലേക്കാണ് അടുക്കുന്നത്. 1996 ല്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ലോകകപ്പും ന്യൂസിലാന്റ് താരത്തിന്റെ സെഞ്ചുറിയോടെയാണ് തുടങ്ങിയത്, നാഥന്‍ ആസ്റ്റില്‍. അതും ഇംഗ്ലണ്ടിനെതിരെ. 
ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ന്യൂസിലാന്റ് ഒമ്പതിന് 282 ലൊതുക്കി. കിവീസ് സ്പിന്നര്‍മാരും പെയ്‌സര്‍മാരും സമര്‍ഥമായി പന്തെറിഞ്ഞതോടെ ഒരു ഘട്ടത്തിലും ആഞ്ഞടിക്കാന്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ടുകാര്‍ക്കായില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ന്യൂസിലാന്റിന് വേണ്ടത് 282 റണ്‍സ്. 
മുന്‍ നായകന്‍ ജോ റൂട്ടിന്റെ 77 റണ്‍സാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ അടിത്തറ. ഓപണര്‍ ജോസ് ബട്‌ലറുമൊത്ത് (43) റൂട്ട് 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പെയ്‌സ്ബൗളര്‍ മാറ്റ് ഹെന്റി മൂന്നു വിക്കറ്റെടുത്തു (3-48). സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്‌നറും (10-0-37-2) ഗ്ലെന്‍ ഫിലിപ്‌സും (3-0-17-2) രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. 
ഡേവിഡ് മലാനും ബെയര്‍‌സ്റ്റോയും പതിവ് പോലെ തിടുക്കത്തിലാണ് തുടങ്ങിയത്. എന്നാല്‍ ഇരുവരെയും ഇംഗ്ലണ്ട് അധികം വാഴാന്‍ അനുവദിച്ചില്ല. മലാനെ (24 പന്തില്‍ 14) ഹെന്റിയും ബെയര്‍സ്‌റ്റോയെ (35 പന്തില്‍ 33) സാന്റ്‌നറും വീഴ്ത്തി. രചിന്‍ രവീന്ദ്ര തുടര്‍ച്ചയായ മൂന്നു പന്തില്‍ ഹാരി ബ്രൂക് (16 പന്തില്‍ 25) സിക്‌സറിനും രണ്ട് ബൗണ്ടറിക്കും പായിച്ചു. നാലാമത്തേതില്‍ ബൗളര്‍ പ്രതികാരം ചോദിച്ചു. 
57 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം റൂട്ട് അര്‍ധ ശതകം തികച്ചു. എന്നാല്‍ ഫിലിപ്‌സിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ബൗള്‍ഡായി. നാല്‍പത്താറാം ഓവറില്‍ ഇംഗ്ലണ്ട് ഒമ്പത് 252 ലേക്ക് തകര്‍ന്നെങ്കിലും ആദില്‍ റഷീദും (13 പന്തില്‍ 15 നോട്ടൗട്ട്) മാര്‍ക്ക് വുഡും (14 പന്തില്‍ 13 നോട്ടൗട്ട്) അവരെ മുന്നൂറിനോടടുപ്പിച്ചു. അവസാന പത്തോവറില്‍ ന്യൂസിലാന്റ് രണ്ട് ബൗണ്ടറിയേ വഴങ്ങിയുള്ളൂ. സാന്റ്‌നറുടെ പത്തോവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ഇംഗ്ലണ്ടിനായില്ല. പുറംവേദന കാരണം വിക്കറ്റ്കീപ്പിംഗ് ഉപേക്ഷിക്കേണ്ടി വന്ന ഫിലിപ്‌സ് മൂന്നോവറിലാണ് രണ്ടു വിക്കറ്റെടുത്തത്. 
നിലവിലെ റണ്ണേഴ്‌സ്്അപ്പായ ന്യൂസിലാന്റ് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇടുപ്പിന് പരിക്കുള്ള ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിച്ചത്. ഈ ടീമുകള്‍ തമ്മിലുള്ള കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു സ്‌റ്റോക്‌സ്. പരിക്കേറ്റ കെയ്ന്‍ വില്യംസനു പകരം ടോം ലേതമാണ് ന്യൂസിലാന്റിനെ നയിച്ചത്. പെയ്‌സ് ബൗളര്‍മാരായ ടിം സൗതി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കും പരിക്കാണ്. 
സ്റ്റോക്‌സിനു പകരം ഹാരി ബ്രൂക്‌സ് ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം നേടി. ടോസ് നേടിയെങ്കില്‍ ബൗളിംഗ് തെരഞ്ഞെടുത്തേനേയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു.
 
2023 October 5Kalikkalamtitle_en: Cricket World Cup 2023 – England v New Zealand

By admin

Leave a Reply

Your email address will not be published. Required fields are marked *