ഒരു തുള്ളി അധിക ജലം പോലും മറ്റ് സംസ്ഥാനങ്ങളുമായി പങ്കിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. കൂടാതെ അഡ്വക്കേറ്റ് ജനറൽ (എജി) സ്ഥാനത്തേക്ക് ഗുർമീന്ദർ സിങ്ങിന്റെ പേര് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മാൻ ഇക്കാര്യം പറഞ്ഞത്.
യോഗത്തിന്റെ ഔദ്യോഗിക അജണ്ട പുറത്തുവന്നില്ലെങ്കിലും സത്‌ലജ്-യമുന-ലിങ്ക് (എസ്‌വൈഎൽ) കനാൽ വിഷയം മന്ത്രിമാരുടെ കൗൺസിൽ ചർച്ച ചെയ്തു. എജി സ്ഥാനത്തേക്ക് ഗുർമീന്ദർ സിംഗിന്റെ പേര് മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായും മാൻ വ്യക്തമാക്കി.
“എസ്‌വൈഎൽ പ്രശ്നം യോഗത്തിൽ ചർച്ച ചെയ്തു. ഒരു കാരണവശാലും ഒരു തുള്ളി അധിക വെള്ളം പോലും മറ്റൊരു സംസ്ഥാനവുമായി പങ്കിടില്ല… സംസ്ഥാന നിയമസഭയുടെ മൺസൂൺ സെഷൻ ഉടൻ വിളിക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു. .. ജനോപകാരപ്രദമായ നിരവധി തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.”- മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
എസ് വൈഎൽ കനാലിന്റെ ഒരു ഭാഗം നിർമിക്കാൻ അനുവദിച്ച പഞ്ചാബിലെ ഭൂമിയുടെ ഭാഗം അളന്ന് തിട്ടപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യോഗം. മറ്റ് സംസ്ഥാനങ്ങളുമായി പങ്കിടാൻ സംസ്ഥാനത്തിന് ഒരു തുള്ളി അധിക ജലം പോലും ഇല്ലെന്ന് പഞ്ചാബിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പറഞ്ഞു.
എന്നാൽ ഹരിയാനയിലെ രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തു, സംസ്ഥാനത്തെ ജനങ്ങൾ വർഷങ്ങളായി എസ് വൈഎൽ വെള്ളം ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ഈ വിഷയത്തിൽ ബുധനാഴ്ച വാദം കേൾക്കുന്നതിനിടെ എസ്‌വൈഎൽ കനാലിന്റെ ഒരു ഭാഗം നിർമ്മിക്കാൻ അനുവദിച്ച, പഞ്ചാബിലെ ഭൂമിയുടെ ഒരു ഭാഗം അളന്ന് അവിടെ നടന്ന നിർമ്മാണത്തിന്റെ വ്യാപ്തി കണക്കാക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കനാൽ നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചാബും ഹരിയാനയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾ സജീവമായി തുടരാനും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
രവി, ബിയാസ് നദികളിൽ നിന്നുള്ള ജലം ഫലപ്രദമായി അനുവദിക്കുന്നതിനാണ് എസ് വൈ എൽ കനാൽ വിഭാവനം ചെയ്തത്. പദ്ധതിയിൽ 214 കിലോമീറ്റർ കനാലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ 122 കിലോമീറ്റർ പഞ്ചാബിലും ബാക്കി 92 കിലോമീറ്റർ ഹരിയാനയിലും നിർമിക്കണം. ഹരിയാന പ്രദേശത്ത് പദ്ധതി പൂർത്തിയാക്കി. എന്നാൽ 1982 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പഞ്ചാബ് പിന്നീട് അത് ഉപേക്ഷിച്ചു.