ഹാങ്ചൗ – ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത എട്ട് ഗോളിന് ഇന്ത്യ തകര്‍ത്തിരുന്നു. ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യന്മാര്‍ക്ക് ഒളിംപിക്‌സ് ബെര്‍ത്ത് കിട്ടുമെന്നതിനാല്‍ ജയിക്കുന്ന ടീമിന് ഇരട്ടി മധുരമായിരിക്കും.
വനിതാ ടീം വെങ്കല മെഡലിനായി ജപ്പാനെ തന്നെ നേരിടും. സെമിഫൈനലില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ സുവര്‍ണ മോഹം അവസാനിപ്പിച്ചത്. 4-0 ന്റെ ആധികാരിക വിജയമാണ് ചൈന നേടിയത്. തെക്കന്‍ കൊറിയയുമായി ചൈന ഫൈനല്‍ കളിക്കും.
മെഡലുറപ്പിച്ച് പ്രണോയ്,
മെഡലില്ലാതെ സിന്ധു
ഹാങ്ചൗ – ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചു. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയും ഡബ്ള്‍സില്‍ രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യവും സെമി ഫൈനലിലെത്തി. മൂന്ന് ഗെയിം ത്രില്ലറില്‍ മലേഷ്യയുടെ ലീ സിയ ജിയയൊണ് പ്രണോയ് 21-16, 21-23, 23-21 ന് തോല്‍പിച്ചത്. ലോക രണ്ടാം നമ്പര്‍ ആന്റണി സിനിസുക ഗിന്‍ഡിംഗിനെ 21-13, 21-17 ന് തോല്‍പിച്ച ചൈനയുടെ ലോക എട്ടാം നമ്പര്‍ ഷി ഫെംഗ് ലിയുമായാണ് പ്രണോയ് സെമി കളിക്കുക. പ്രണോയ് ലോക ഏഴാം നമ്പറാണ്.
ഡബ്ള്‍സില്‍ ലോക രണ്ടാം നമ്പര്‍ ഇന്ത്യന്‍ ജോഡി 21-7, 21-9 ന് സിംഗപ്പൂരിന്റെ എന്‍ഗെ ജൂ ജീ-യോഹാന്‍ പ്രജോഗോ സഖ്യത്തെ തോല്‍പിച്ചു. മലേഷ്യയുടെ ആരണ്‍ ചിയ-വൂയ് യിക് സോ സഖ്യവുമായി അവര്‍ സെമി കളിക്കും.
അതേസമയം മുന്‍ ലോക ചാമ്പ്യനും ഡബ്ള്‍ ഒളിംപിക് മെഡലുകാരിയുമായ പി.വി സിന്ധു ആതിഥേയരുടെ ഹെ ബിംഗ്ജിയാവോയോട് 16-21, 12-21 ന് ക്വാര്‍ട്ടറില്‍ തോറ്റ് വെറുംകൈയുമായി മടങ്ങി. ടീം ഇനത്തില്‍ സിന്ധുവുള്‍പ്പെട്ട ടീം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
2023 October 5Kalikkalamtitle_en: ASIAD-2022-2023-HANGZHOU Ind