ഈ ചിത്രങ്ങൾ വെനെസ്വല (Venezuela) യിൽ നിന്നുള്ളതാണ്. ഗ്യാസ് – പെട്രോളിയം – ധാതു സമ്പത്തുക്കളാൽ സമ്പന്നമായ ഈ രാജ്യത്ത് 2013 മുതൽ പട്ടിണിയും തൊഴിലില്ലായ്മയും അരാജകത്വവുമാണ് നിലനിൽക്കുന്നത്.
ഭരണകർത്താക്കളുടെ പിടിപ്പുകേടും അമേരിക്കയുടെ ഉപരോധവും വെനെസ്വലയെ പട്ടിണിയിലേക്ക് തള്ളിവിട്ടു. 3 കോടിവരുന്ന വെനെസ്വലയുടെ ജനസംഖ്യയിൽ 70 ലക്ഷത്തോളം ആളുകൾ രാജ്യത്തുനി ന്നുതന്നെ പലായനം ചെയ്തിരിക്കുന്നു.
പട്ടിണിയകറ്റാൻ ജനം പാടുപെടുകയാണ്. ആവശ്യസാധനങ്ങളും മരുന്നുകളും സാധാരണക്കാർക്ക് കിട്ടാക്കനിയാണ്. കുട്ടികൾ നല്ലൊരു ശതമാനവും സ്‌കൂളുകളിൽ പോകാറില്ല. ആഹാരത്തിനുള്ള വകതേടി അവർ പല തൊഴിലുകളിലേർപ്പെടുകയാണ്.
ചിത്രത്തിൽ വെനിസ്വലയിലെ ബൊളിവർ (Boliver) സംസ്ഥാനത്തെ എല്‍ കാലാവോ എന്ന സ്ഥലത്ത് മണ്ണിൽ സ്വർണ്ണത്തരികൾ തേടുകയാണ് ഈ കുട്ടികൾ. പട്ടിണിയകറ്റാൻ പകലന്തിയോളം ഇങ്ങനെ കഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ ആഹാരത്തിനുള്ള ബോളിവര്‍ (വെനെസ്വല കറൻസി) കയ്യിൽക്കിട്ടുന്ന സ്വർണ്ണത്തരികളിലൂടെ നേടാൻ കഴിയും എന്നതാണ് ഏകദേശം 1000 ത്തിലധികം വരുന്ന കുട്ടികളെ ഈ നിയമവിരുദ്ധ ഖനനത്തിന് പ്രേരിപ്പിക്കുന്ന ഘടകം. ഇവിടുത്തെ മണ്ണിൽ സ്വർണ്ണത്തിന്റെ അംശമുണ്ടത്രേ.
മണ്ണ് ഏറെ കുഴിച്ചെങ്കിൽ മാത്രമേ സ്വർണ്ണത്തിന്റെ കണികകൾ ലഭിക്കുകയുള്ളു. വെള്ളം നിറഞ്ഞ ഇത്തരം കുഴികളിലെ ചെളിവാരി അരിച്ചെടുത്താണ് സ്വർണ്ണം കണ്ടെത്തേണ്ടത്. വളരെ അപകടം നിറഞ്ഞ ഈ പ്രവൃ ത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പി ക്കാൻ സർക്കാരും സന്നദ്ധസംഘടനകളും ശ്രമിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും കൂടുതൽ പെട്രോളിയം നിക്ഷേപമുള്ള വെനിസ്വലയുടെ ഇന്നത്തെ ദയനീയ അവസ്ഥകൂടി അറിയുക. അവിടുത്തെ കറൻസിയായ 41,475.3 ബോളിവർ നൽകിയാൽ മാത്രമേ ഇന്ത്യയുടെ ഒരു രൂപ ലഭിക്കുകയുള്ളു എന്നതാണ് അമ്പരപ്പിക്കുന്ന യാഥാർഥ്യം.