കൊച്ചി: വീട്ടിൽ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും നിലവിൽ എറണാകുളം അങ്കമാലി തുറവൂർ പോസ്റ്റ് ഓഫീസിന് സമീപം താമസവുമായ 24 കാരിയാണ്‌ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് ആണ് അത്യാഹിത സന്ദേശം 108 ആംബുലൻസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്.
സ്ഥലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയാണ് യുവതിയുടെ ഭർത്താവ്. ഇതിനു സമീപം ആണ് ഇവരുടെ താമസവും. വിവരം അറിഞ്ഞ നാട്ടുകാരാണ് ആശാ വർക്കറെ സംഭവം അറിയിക്കുന്നത്. തുടർന്ന് ആശാ വർക്കർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം അങ്കമാലി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ഉടൻ ആംബുലൻസ് പൈലറ്റ് അമൽ പോൾ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സരിത സി.ആർ എന്നിവർ സ്ഥലത്ത് എത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സരിത അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് അമൽ ആലുവ താലൂക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *