പാലക്കാട്: അന്നമാണ് ഔഷധം എന്ന ആപ്‌ത വാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മില്ലറ്റ് മിഷൻ കേരളയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ന് രാവിലെ 10.30 ന് മുതലമടയിലെ ചെമ്മണംതോട് ഗ്രൂപ്പ് ക്യാപ്റ്റൻ എ.രവീന്ദ്രൻ, രമണി കൃഷ്ണദാസ് എന്നിവരുടെ കൃഷിസ്ഥലത്ത് ജനകീയ പങ്കാളിത്തത്തോടെ ചെറുധാന്യകൃഷി വിളവ് ഇറക്കൽ പരിപാടിക്ക് തുടക്കമായി. മില്ലറ്റ് മിഷൻ കേരള-യുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേസമയം മില്ലറ്റ് വിത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരകേസരി പുരസ്‌കാര ജേതാവ് പി.രഘുനാഥൻ വണ്ണാമട, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പൻ നീളിപ്പാറയും ചേർന്ന് മില്ലറ്റ് വിത്തുകൾ വിതച്ചുകൊണ്ട് ചെറുധാന്യകൃഷി ഉദ്ഘാടനം നിർവ്വഹിച്ചു. ഗുണമേന്മയേറിയ ചെറുധാന്യങ്ങൾ ഉൽപ്പാദിപ്പിക്കാനാവശ്യമായ എല്ലാവിധ സാഹചര്യങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുവെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും പി.രഘുനാഥൻ വണ്ണാമട അഭിപ്രായപ്പെട്ടു.
വനവാസികളുടെ ഭക്ഷണമായി മാത്രമായി അകറ്റിനിർത്തിയിരുന്ന ചെറുധാന്യങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാൻ വ്യാപകമായി കൃഷിയിലേക്കിറങ്ങാൻ കർഷക സമൂഹം തയ്യാറാകണമെന്ന് മാരിയപ്പൻ നീളിപ്പാറ അഭിപ്രായപ്പെട്ടു. മില്ലറ്റ് മിഷൻ കേരളയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു.
മില്ലറ്റ് മിഷൻ കേരള-യുടെ സംസ്ഥാന ഫാക്കൽറ്റിയായ ദീപാലയം ധനപാലൻ വിത്തിറക്കുന്നതിന് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകി. ചെറുധാന്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായാൽ ജീവിതചര്യ രോഗങ്ങളെ അകറ്റി നിർത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മില്ലറ്റ് മിഷൻ കേരളയുടെ ജില്ലാ സെക്രട്ടറി മഹേഷ് കോവത്ത്, ചെമ്മാണംതോട്-ഒട്ടൻചള്ള പാടശേഖര സമിതി കൺവീനർ സുദേവൻ,  മുതലമട കിഴക്ക്ക്ഷീര സഹകരണ സംഘം ഡയറക്റ്ററായ ആർ.ശശീന്ദ്രൻ, സുപ്രഭാതം സീനിയർ റിപ്പോർട്ടർ വി.എം.ഷൺമുഖദാസ്, കെ.സ്വാമിനാഥൻ, സുബ്രമണ്യൻ.പി.എസ്, ബി.കെ.സുരേഷ്‌കുമാർ, മില്ലറ്റ് കൃഷിക്കായി സൗജന്യമായി സ്ഥലം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ എ.രവീന്ദ്രൻ, രമണി കൃഷ്ണദാസ് എന്നിവരെക്കൂടാതെ മില്ലറ്റ് കൃഷിയുടെ ചിലവിലേക്കായി വിഹിതമെടുത്തവരും വിളവിറക്കൽ യജ്ഞത്തിൽ പങ്കാളികളായി. കൃഷിക്കൂട്ടം കൺവീനർ പി.സുരേഷ് മിത്ര സ്വാഗതവും, അരുൺകുമാർ.കെ.കെ നന്ദിയും പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *