മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേര്‍ കൂടി മരിച്ചു. 48 മണിക്കൂറിനുള്ളില്‍ 35 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. ആദ്യ ദിവസം 24 പേരും അടുത്ത ദിവസം 7 പേരുമാണ് മരിച്ചത്. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രി കേവലമൊരു തൃതീയ തലത്തിലുള്ള പരിചരണ കേന്ദ്രം മാത്രമാണെന്നും, എന്നാല്‍ 70-80 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരേയൊരു ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആയതിനാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് രോഗികള്‍ ഇവിടെ എത്താറുണ്ടെന്നും ആശുപത്രി ഡീന്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ചിലപ്പോള്‍ സ്ഥാപനത്തിന്റെ ബജറ്റിനേക്കാള്‍ കൂടുതലാണ്, അതുകൊണ്ടാണ് മരുന്നുകളുടെ ക്ഷാമം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഒന്നിലധികം ആശുപത്രി ജീവനക്കാരെ സ്ഥലം മാറ്റിയതിനാല്‍ നടപടികള്‍ കൂടുതല്‍ ദുഷ്‌കരമായെന്നും അദ്ദേഹം പറയുന്നു.
ഹാഫ്കൈന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ആശുപത്രിയിലേക്ക് മരുന്നുകള്‍ വാങ്ങേണ്ടതായിരുന്നുവെന്നും അത് നടന്നില്ലെന്നും ഡീന്‍ പറഞ്ഞു. പ്രാദേശിക തലത്തിലുള്ള ചെറിയ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയ ശേഷമാണ് രോഗികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രോഗികളുടെ തുടര്‍മരണങ്ങള്‍ക്ക് കാരണം മരുന്ന് ക്ഷാമമില്ലെന്നും മരിച്ച രോഗികള്‍ അവരുടെ ‘അവസാന ഘട്ടത്തിലായിരുന്നുവെന്നും’ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിഭ്രാന്തരാകരുത്, ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ ഒരു സംഘം തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
‘മരുന്നുകള്‍ വാങ്ങാന്‍ ഞങ്ങള്‍ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 4 കോടി രൂപ കൂടി അനുവദിക്കാനുള്ള നടപടിയിലാണ്. അതിനാല്‍ മരുന്നുകള്‍ക്ക് ക്ഷാമമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒട്ടേറെ രോഗികള്‍ ആശുപത്രിയില്‍ വന്നിരുന്നു. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും അവരെ പരിചരിച്ച് വരികയാണ്’ , അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 1 നും ഇടയില്‍ 24 മരണങ്ങളും ഒക്ടോബര്‍ 1 നും 2 നും ഇടയില്‍ ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരും പരിഭ്രാന്തരാകരുത്. ഡോക്ടര്‍മാരുടെ സംഘം തയ്യാറാണ്’, നന്ദേഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് (ഡിഐഒ) സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.