തിരുവനന്തപുരം: മഴയുടെ തിവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ചുദിവസം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴ മുന്നറിയിപ്പുണ്ടെങ്കിലും ഇന്ന് ഒരു ജില്ലയിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിൻ്റെ മോശം കാലാവസ്ഥയുടെയും സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു. അസി. പ്രിസൺ ഓഫീസർ കായികക്ഷമത പരീക്ഷയാണ് മാറ്റിവെച്ചത്. മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സ്കൂളുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ പുളിനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്നുരാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.