കൊച്ചി: മലദ്വാരത്തിലും പെറ്റിക്കോട്ടിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയും 90 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്. കസ്റ്റംസാണ് ഇവരെ പിടികൂടിയത്.
ദുബായിൽ നിന്നും വന്ന റംലത്ത് മലദ്വാരത്തിനകത്ത് ഒളിപ്പിച്ചാണ് 55 ലക്ഷം രൂപ വില വരുന്ന 1266 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. നാല് ഗുളികകളുടെ രൂപത്തിലാണ് റംലത്ത് സ്വർണം കൊണ്ടുവന്നത്.
അബുദാബിയിൽ നിന്നും വന്ന ഉമൈബ ധരിച്ചിരുന്ന പെറ്റിക്കോട്ടിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 33 ലക്ഷം രൂപ വില വരുന്ന 763 ഗ്രാം സ്വർണം ഒളിപ്പിച്ച ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം തുന്നിച്ചേർക്കുകയായിരുന്നു.
കയ്യിൽ കാര്യമായി ലഗേജുകളില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുകയായിരുന്നു റംലത്തും ഉമൈബയും. ഇവർ ഇടയ്ക്കിടെ കൈകൾ ദേഹത്തേക്ക് തൊടുന്നത് കണ്ട കസ്റ്റംസുദ്യോഗസ്ഥയ്ക്ക് സംശയം തോന്നിയതോടെയാണ് ഇരുവരുടെയും ദേഹ പരിശോധന നടത്തിയത്.
ഇതുകൂടാതെ മറ്റൊരാളിൽനിന്ന് 80 ഗ്രാം സ്വർണവും നെടുമ്പാശേരി വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.