ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരങ്ങൾ. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവർ 170 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

രജനികാന്ത്-ജ്ഞാനവേൽ ചിത്രത്തിന്റെ താരനിരയേക്കുറിച്ചുള്ള തുടരെത്തുടരെയുള്ള അപ്ഡേറ്റുകളാണ് രണ്ടുദിവസമായി വന്നുകൊണ്ടിരിക്കുന്നത്. മൂന്നുപേരുടെ വിവരങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും.

32 വർഷങ്ങൾക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. തെലുങ്കിൽ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്.
മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവരുടെ പോസ്റ്ററുകൾ ലൈക്ക പ്രൊഡക്ഷൻസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അതേസമയം ഈ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് തിരുവനന്തപുരത്തെത്തി. നല്ല സന്ദേശം ഉൾക്കൊള്ളുന്ന ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുംമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *