തെലുങ്ക് സൂപ്പർതാരം രവി തേജയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവു എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പർഹിറ്റ് ആയതോടെ ടൈഗറിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വർദ്ധിച്ചിരിക്കുകയാണ്. ഒക്ടോബർ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.
ടൈഗർ അരങ്ങുവാഴുന്ന മോസ്റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്റ്റുവർട്ട്‌പുരത്തേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകും വിധത്തിലാണ് ട്രെയിലർ രൂപകല്പന ചെയ്തിരിക്കുന്നത്. ടൈഗർ നാഗേശ്വര റാവുവിന്റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ കാണാൻ സാധിക്കുക. രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രവിതേജ സ്വന്തം ശബ്ദത്തിൽത്തന്നെയാണ് മലയാളത്തിലും ഡബ്ബ് ചെയ്തിരിക്കുന്നത്.
വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം അഭിഷേക് അഗർവാൾ ആർട്ടിസിന്റേതായി ഒരുങ്ങുന്ന ചിത്രമാണിത്.
നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്. സുദേവ് നായർ, ഹരീഷ് പേരടി, നാസർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകൻ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തിൽ ആകർഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാൽ ചിത്രത്തെ പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.