കാടും പുഴകളും മലകളും ചേര്‍ന്ന കോഴിക്കോടിന്റെ ഏറെ അറിയപ്പെടാത്ത പ്രകൃതി വിസ്മയങ്ങളിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്, പെരുവണ്ണാമൂഴി തുടങ്ങിയ കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഈ മാസം എട്ടിന് ഞായറാഴ്ചയാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30 ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 7 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ആദ്യം ജാനകിക്കാടാണ് എത്തുക. കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 54 കിലോമീറ്റര്‍ അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്യമൃഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പേടിയൊന്നും കൂടാതെ തന്നെ ഏവര്‍ക്കും കാടിന്റെ തനത് ഭംഗി ആസ്വദിക്കാം. 131 ഹെക്ടര്‍ കാടുള്ള ഇവിടെ സമയം ചിലവഴിച്ച ശേഷം പെരുവണ്ണാമുഴി ഡാമിലേക്ക് യാത്ര പുറപ്പെടും. ഡാമില്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് ബോട്ടിങ് നടത്താം. ഉച്ചഭക്ഷണത്തിന് ശേഷം തോണിക്കടവ് കരിയാത്തുംപാറയും കറങ്ങിയ ശേഷമാണ് യാത്ര അവസാനിക്കുക. വെറും 360 രൂപ മാത്രമാണ് ഈ യാത്രയ്ക്കായി ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 954447754 എന്ന നമ്പറില്‍ ബന്ധപ്പെടാം.