എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.മിൽമ ഹാളിൽ ചേർന്ന സമ്മേളനം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ഡി രമേശ്കുമാർ അധ്യക്ഷത വഹിച്ചു.
കോടി കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളപൊക്ക സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കണമെന്നും തലവടി പഞ്ചായത്ത് ജംഗ്ഷനിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപെട്ടു.
എടത്വ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പാലത്തോടു ചേർന്ന് നടപ്പാത നിർമ്മിക്കുന്നതിന് സർവേ നടപടികളും മണ്ണ് പരിശോധന ഉൾപ്പെടെ തുടങ്ങിയെങ്കിലും ഒടുവിൽ ലഭിച്ച റിപ്പോർട്ടിൽ നിലവിലുള്ള പാലത്തിൻ്റെ ബലക്ഷയം മൂലം നടപ്പാത നിർമ്മാണം അസാധ്യമാണ്.
ആയതിനാൽ സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കനത്ത മഴയെ തുടർന്ന് കർഷകർക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു.
ആലപ്പുഴ- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൻ്റെ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് പദ്ധതി ഉണ്ടായിരുന്നെങ്കിലും പലയിടത്തും ഇനിയും നിർമ്മിക്കേണ്ടിയിരിക്കുന്നു.ഇത് കരാറുകാരുടെ കടുത്ത വീഴ്ചയാണെന്ന് യോഗം വിലയിരുത്തി.ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ പള്ളിയിൽ നൂറുകണക്കിന് തീർത്ഥാടകർ ആണ് പ്രതിദിനം എത്തുന്നത്.
വിവിധ സ്കൂളുകൾ, വിവിധ ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ ,വ്യാപാര സ്ഥാപനങ്ങൾ എല്ലാം ടൗണിൽ തന്നെയാണ്. എടത്വ ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9ന് 9.30 ന് എടത്വ ജംഗ്ഷനിൽ കുത്തിയിരിപ്പ് സമരം നടത്തുവാൻ യോഗം തീരുമാനിച്ചു.
ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളി,അഡ്വ.പി.കെ സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം ,സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് കളപ്പുര , വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട്, ഐസക്ക് എഡ്വേർഡ് , അജി കോശി, ടോമിച്ചൻ കളങ്ങര, ടി.ടി. ജോർജ്ജ്ക്കുട്ടി, ഷാജി മാധവൻ ,ഗ്രിഗറി ജോസഫ് പരുത്തിപള്ളി, പി.വി.ചാക്കോ എന്നിവർ പ്രസംഗിച്ചു.
തകഴി സെന്ററിൽ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് ആവ്യശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി യൂണിറ്റ് ആവശ്യപ്പെട്ടു.സെക്രട്ടറി ജിജി ചിത്രം നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി.തകഴി ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ വില്ലേജ് മാൾ , ഏരിയ ജോയിന്റ് സെക്രട്ടറി രാജു റീവ് സ്റ്റുഡിയോ , യൂണിറ്റ് പ്രസിഡന്റ് വിജയൻ ശാസ്താ എന്നിവർ സംബന്ധിച്ചു.