ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വെള്ളി മെഡലുറപ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 5-3 എന്ന സ്കോറിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യ അവസാന രണ്ടിലെത്തിയത്.
ഇന്ത്യയ്ക്കായി ഹാര്‍ദിക് സിംഗ്, മന്ദീപ് സിംഗ്, ലളിത് ഉപാധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കൊറിയയ്ക്കായി ജുംഗ് മാഞ്ചെ ഹാട്രിക് നേടിയെങ്കിലും മറ്റാര്‍ക്കും ഗോള്‍ നേടാനാകാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.
ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന നീലപ്പട ഗെയിംസില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതൊടൊപ്പം, 2024ലെ പാരീസ് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുക എന്ന ലക്ഷ്യത്തോട് ഒരു പടികൂടി അടുക്കാനും ഇന്ത്യയ്ക്കായി.