പാലക്കാട്: കാസർകോട് മാണിയാട്ട് നടന്നുവരുന്ന എൻഎൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മലയാള സിനിമാ വേദിയിൽ സമഗ്ര സംഭാവനയ്ക്കുള്ള എൻഎൻ പിള്ള സ്മാരക അവാർഡ് നടൻ സിദ്ദിഖിന്. മലയാള നാടക വേദിയിൽ സമഗ്ര സംഭാവനക്കുള്ള അവാർഡ് സംവിധായകനും നടനുമായ കണ്ണൂർ വാസൂട്ടിക്കാണ്. യഥാക്രമം 25000 രൂപയും 15000 രൂപയും പ്രശസ്‌തി പത്രവുമാണ് അവാർഡ്.
പാലക്കാട് പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ നടൻ വിജയരാഘവനാണ് അവാർഡ് പ്രഖ്യാപിച്ചത്. സിദ്ദിഖിന് നവംബർ 14ന് മുൻ മന്ത്രി ഇപി ജയരാജനും കണ്ണൂർ വാസൂട്ടിക്ക് 23ന് നടി അപർണ ബാലമുരളിയും പുരസ്‌കാരം സമ്മാനിക്കും.
നടൻ മധു, നെടുമുടിവേണു, ജനാർദ്ദനൻ, ലാൽ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് നേരത്തെ അവാർഡ് നേടിയത്. ആർടിസ്‌റ്റ് സുജാതൻ, മരട് ജോസഫ്, സതീഷ് സംഘമിത്ര എന്നിവരാണ് നാടക അവാർഡ് നേടിയവർ.
പത്ത് വർഷമായി മാണിയാട്ട് നടക്കുന്ന നാടക മത്സരം നവംബർ 14ന് ആരംഭിക്കും. ആദ്യ ദിവസം അമ്പലപ്പുഴ സാരഥിയുടെ ‘രണ്ട് ദിവസം’ നടാകം അരങ്ങിലെത്തും. 15ന് തിരുവനന്തപുരം അക്ഷരയുടെ ഇടം, 16ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ഉൾക്കടൽ, 17ന് കായംകുളം ദേവാ കമ്മ്യൂണിക്കേജൻസിന്റെ ചന്ദ്രികാവസന്തം, 18ന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക, 19ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, 20ന് തിരുവനന്തപുരം അജന്തയുടെ മൊഴി, 21ന് കൊല്ലം ആവിഷ്‌കാരയുടെ സാധാരണക്കാരൻ, 22ന് പാല കമ്മ്യൂണിക്കേഷൻസിന്റെ ജീവിതം സാക്ഷി എന്നീ നാടകങ്ങൾ അരങ്ങേറും.
സംഘാടക സമിതി ജനറൽ കൺവീനർ ടി വി ബാലൻ, പി വി കുട്ടൻ, തമ്പാൻ കീനേരി, ഇ ഷിജോയ്, എ വി പ്രമോദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.