ആലപ്പുഴ: ലോക്സഭയിലേയ്ക്ക് യുഡിഎഫിന് ഒഴിവുള്ള ഏക മണ്ഡലമായ ആലപ്പുഴയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ സീറ്റിംങ്ങ് എംപിമാരോട് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേയ്ക്ക് കടക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആലപ്പുഴ സംബന്ധിച്ച കൂടിയാലോചനകള്‍.
ഇവിടെ എംപിയായിരുന്ന കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മല്‍സരിക്കാനിറങ്ങുന്നത് ഗുണം ചെയ്യുമോ എന്ന് ആശങ്കയുണ്ട്.
അങ്ങനെയെങ്കില്‍ മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥനെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഭുരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകുമെന്ന നിലയിലുള്ള ചില പിആര്‍ പ്രവര്‍ത്തനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടവും രംഗത്തുണ്ട്. രാഹുലിനെ പിന്തുണയ്ക്കുന്ന ചില മുതിര്‍ന്ന നേതാക്കളുമുണ്ട്. എന്നാല്‍ ജയസാധ്യത ശബരീനാഥനായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വ്വേകളുടെ വിലയിരുത്തല്‍. അത് ശബരിയ്ക്ക് ഗുണം ചെയ്യും.