എഡിന്‍ബറോ: ജീവനക്കാരിയുടെ ആര്‍ത്തവവിരാമ ലക്ഷണങ്ങളെ പരിഹസിച്ച് സംസാരിച്ച സ്കോട്ട്ലന്‍ഡിലെ കമ്പനി മേധാവിക്ക് 37,000 പൗണ്ട് പിഴ ശിക്ഷ. മെനോപോസ് ഒരു അവസരമായി കണ്ട് മുതലെടുക്കുകയാണെന്ന പരാമര്‍ശമാണ് കോടതി കുറ്റകരമായി കണ്ടെത്തിയത്.
1995 മുതല്‍ ടിസ്ററില്‍ മരീന്‍ എന്ന എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന കരേന്‍ ഫര്‍ഖുഹര്‍സണ്‍ എന്ന സ്ത്രീയാണ് പരിഹാസം നേരിട്ടത്. ഒരിക്കല്‍ മെഡിക്കല്‍ ലീവ് ചോദിച്ചപ്പോഴാണ് മെനോപ്പസ് അവസരമാക്കുകയാണെന്ന് പറഞ്ഞ് കമ്പനി മേധാവി ജിം ക്ളാര്‍ക്ക് തള്ളിയത്. തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അവര്‍ കമ്പനിക്കെതിരെ പരാതി നല്‍കി. 72കാരനായ ബോസിനെ കാലത്തിനനുസരിച്ച് ചലിക്കാന്‍ കഴിയാത്ത ദിനോസര്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
അസുഖം ബാധിച്ച ജീവനക്കാരെ മഞ്ഞുപാളികള്‍ എന്നാണ് ജിം പരിഹസിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. 2021 ഏപ്രിലിലാണ് മെനോപ്പസിന്റെ പ്രശ്നങ്ങളുണ്ടായത്. അമിതമായ ഉല്‍ക്കണ്ഠ, ശ്രദ്ധയില്ലായ്മ, ബ്രെയിന്‍ ഫോഗ് എന്നിവയായിരുന്നു പ്രശ്നം. രണ്ടുദിവസം വീട്ടില്‍നിന്ന് ജോലി ചെയ്ത ശേഷം ഓഫീസിലെത്തിയപ്പോള്‍ മേധാവി വളരെ മോശമായി പെരുമാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
താന്‍ തമാശ പറഞ്ഞതാണെന്ന കമ്പനി മേധാവിയുടെ വാദം കോടതി അംഗീകരിച്ചില്ല.