ഡൽഹി: കാനഡക്ക് അന്ത്യശാസനവുമായി ഇന്ത്യ. നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഈ മാസം 10നകം ഇന്ത്യ വിടണമെന്ന് ഇവർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ്. ഇന്ത്യയിൽ 61 ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. സുരക്ഷാഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളായിരിക്കുകയാണ്.

ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കാനഡ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അന്വേഷണത്തിനായി കാനഡ പ്രത്യേക സംഘത്തെ രൂപികരിച്ചിരിക്കുകയാണ്. സംഘത്തിന് ആവശ്യമെങ്കിൽ ഇന്ത്യയിൽ എത്തി അന്വേഷണം നടത്താൻ അനുമതി നൽകണം എന്നും കാനഡ ആവശ്യപ്പെട്ടു. അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ.

എന്നാൽ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്കയുടെ ആവ‍ർത്തിച്ചുള്ള ആവശ്യം. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്വാഡ് നേതാക്കളുടെ യോഗത്തില്‍ കാനഡ വിഷയം ചര്‍ച്ചയായില്ലെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി. ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല, ക്വാഡ് അംഗങ്ങളുടെ യോഗമായിരുന്നു നടന്നതെന്നായിരുന്നു ഈ വിഷയത്തില്‍ മാത്യു മില്ലറുടെ പ്രതികരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *