ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീം സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെ 23 റൺസിന് കീഴടക്കിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. താരതമ്യേന ലോക ക്രിക്കറ്റിലെ ദുർബലരായിരുന്നിട്ട് കൂടി കരുത്തരായ ഇന്ത്യയ്ക്ക് എതിരെ ചെറുത്ത് നിന്ന് പോരാടിയ നേപ്പാളിന്റെ പ്രകടനവും ശ്രദ്ധേയമായി.
ടി20യിൽ തന്റെ കന്നി സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 202 റൺസെടുത്തു. ഓപ്പണിംഗ് വിക്കറ്റിൽ 103 റൺസിന്റെ കൂട്ടുകെട്ടാണ് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് പടുത്തുയർത്തിയത്. 23 പന്തിൽ 25 റൺസെടുത്ത ഗെയ്‌ക്‌വാദ് ഒരറ്റത്തു പിടിച്ചു നിന്നപ്പോൾ, ജയ്‌സ്വാൾ 48 പന്തിൽ തന്റെ കന്നി ടി20 സെഞ്ച്വറി നേടി സ്‌കോർ 200 കടക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
തിലക് വർമ്മയും ജിതേഷ് ശർമ്മയും ഒറ്റ അക്കത്തിൽ പുറത്തായപ്പോൾ റിങ്കു സിംഗ് 15 പന്തിൽ രണ്ട് ഫോറും നാല് സിക്‌സറും സഹിതം 37 റൺസ് നേടി സ്‌കോർ കാർഡിൽ തന്റേതായ ഇടം നേടി. ശിവം ദുബെ 19 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 25 റൺസാണ് നേടിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപേന്ദ്രയാണ് നേപ്പാൾ ബൗളർമാരിൽ മികച്ച് നിന്നത്. സന്ദീപ് ലാമിച്ചനെയും സോംപാൽ കാമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങിന് ഇറങ്ങിയ നേപ്പാൾ പൊരുതാനുറച്ച് തന്നെയാണ് കളത്തിലേക്ക് വന്നത്. യുവരാജ് സിംഗിന്റെ വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡ് കടപുഴക്കിയ ദീപേന്ദ്ര സിംഗ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി.
15 പന്തിൽ 32 റൺസെടുത്ത താരത്തെ രവി ബിഷ്ണോയ് പവലിയനിലേക്ക് മടക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. കുശാൽ മല്ല, സന്ദീപ് ജോറ എന്നിവർ 29 റൺസ് വീതവും കുശാൽ ബുർട്ടൽ 28 റൺസുമെടുത്ത് പൊരുതിയെങ്കിലും ജയം അവർക്ക് അകലെയായിരുന്നു. ലക്ഷ്യത്തിന് 23 റൺസ് അകലെ നേപ്പാളിന്റെ പോരാട്ടം അവസാനിച്ചു.