ബ്രിട്ടന്‍: ഏകദേശം 200 വര്‍ഷത്തെ പഴക്കമുള്ള പുരാതനവും ലോകപ്രസിദ്ധവുമായ സികാമോര്‍ ഗാപ്  മരം വെട്ടിയ കേസില്‍ 16കാരന്‍ അറസ്റ്റില്‍. മരത്തിന്റെ അടിഭാഗം ആരോ യന്ത്രംകൊണ്ട് മുറിച്ച നിലയിലാണ്.  സംഭവത്തില്‍ 16കാരന് ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സ്ഥലമായിരുന്നു, ഇത് ക്രൂരമായ പ്രവര്‍ത്തിയായി പോയെന്ന്  നോര്‍ത്തുംബ്രിയ പോലീസ് ക്രൈം കമ്മിഷണര്‍ കിം മക്ഗിന്നസ് പറഞ്ഞു.
” മരം ആരോ മനപ്പൂര്‍വ്വം വെട്ടിവീഴ്ത്തിയതാണ്. ഇത് വളരെ സങ്കടകരമാണ്. ഒരുപാട് പേര്‍ക്ക് വളരെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്. പലരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ തങ്ങളുടെ ഹൃദയം കൈമാറിയത് ഇവിടെ വച്ചാകാം. കുടുംബങ്ങളുടെ മറക്കാനാകാത്ത പല നിമിഷങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ടാകും. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം ഇവിടെ നിക്ഷേപിച്ചിരിക്കാം. എങ്ങനെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ തോന്നി. ആരാണ്, എന്തിനാണ് എങ്ങനെയാണ് മരം മുറിച്ചതെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത ആശയക്കുഴപ്പത്തിലാണ് ”- നോര്‍ത്തംബര്‍ലാന്‍ഡ് നാഷണല്‍ പാര്‍ക്ക് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ടോണി ഗേറ്റ്സ് പറഞ്ഞു.
നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായതാണ് സികാമോര്‍ ഗാപ്  മരം. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ഹാട്രിയന്‍ മതിലിന് സമീപമുള്ള മരമാണ് രാത്രിയില്‍ വെട്ടിയിട്ടത്. അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധിയും 2016ല്‍ വുഡ്ലാന്‍ഡ് ട്രസ്റ്റിന്റെ ട്രീ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയ മരമാണ് സികാമോര്‍. 1991ല്‍ കെവിന്‍ കോസ്റ്റ്നര്‍ അഭിനയിച്ച ‘റോബിന്‍ഹുഡ്: പ്രിന്‍സ് ഓഫ് തീവ്സ്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് ഈ മരം പശ്ചാത്തലമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *