ഇംഫാൽ: മണിപ്പൂർ കലാപത്തിന്റെ സാഹചര്യത്തിൽ ചുരാചന്ദ്പൂരിൽ അനിശ്ചിത കാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കുക്കി സംഘടന. എൻ ഐ എ, സി ബി ഐ സംഘങ്ങൾ അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടനകളുടെ പ്രതിഷേധം. സംഘർഷ സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം 5 ദിവസത്തേക്ക് നീട്ടി.എല്ലാ അതിർത്തികളും അടയ്ക്കും. വിദ്യാർത്ഥികളുടെ കൊലക്കേസിൽ അടക്കം അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നാണ് ഇവർ പറയുന്നത്.
മണിപ്പൂരിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 6 പേർ ഇംഫാലിലെ ചുരാചന്ദ്പൂരിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാർഥികളെ കാണാതായത്. മണിപ്പൂരിൽ ഇൻറ്റർനെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന ചിത്രങ്ങൾ പുറത്തുവന്നത്.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ മണിപ്പൂർ കലാപത്തിലെ പ്രതി സെയ് മനുല്‍ ഗാംഗ്ടേയെ രണ്ട് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല ഹൌസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.