ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. വനിതാ വിഭാഗം ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡൽ ലഭിച്ചു.
കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ആന്‍സി 6.63 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. ചൈനീസ് താരത്തിനാണ് സ്വര്‍ണം.
ആദ്യ ശ്രമത്തില്‍ 6.13 മീറ്റര്‍ പിന്നിട്ട ആന്‍സി തുടര്‍ന്നുള്ള ശ്രമങ്ങളില്‍ യഥാക്രമം 6.49 മീറ്റര്‍, 6.56 മീറ്റര്‍ എന്നിങ്ങനെ പ്രകടനം മെച്ചപ്പെടുത്തി.
നാലാം ശ്രമത്തില്‍ 6.34 മീറ്റര്‍ ദൂരം കണ്ടെത്തിയ ആന്‍സി അവസാന ശ്രമത്തിലാണ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത് വെള്ളി നേട്ടത്തിലെത്തിയത്.