ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം വേണ്ട നിരവധി ഘടകങ്ങള്‍ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ഡയറ്ററി ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങി ഒരു ലോഡ് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളുമൊക്കെ ഈ ഇത്തിരിക്കുഞ്ഞന്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനും കൂടി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഒട്ടുമിക്ക ചര്‍മ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. പ്രായാധിക്യം മൂലമുണ്ടാവുന്ന ചര്‍മത്തിലെ ചുളിവുകള്‍ പരിഹരിക്കാനും കറുത്ത പാടുകള്‍ നീക്കം ചെയ്യാനും മുഖക്കുരു ഇല്ലാതാക്കാനുമൊക്കെ ഈ മിശ്രിതം സഹായിക്കും.
ഇതിനായി ചെയ്യേണ്ടത് രാത്രി കിടക്കുന്നതിനു മുന്‍പ് ഉണക്കമുന്തിരി വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ത്തെടുക്കുക. അടുത്ത ദിവസം രാവിലെ ഇതില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തിളക്കിയ ശേഷം കുടിയ്ക്കാം. ഇങ്ങനെ പതിവായി ചെയ്താല്‍ ശരീരത്തിലെ ടോക്സിനുകള്‍ നീങ്ങി ചര്‍മത്തിന് തിളക്കവും മുദുത്വവും ലഭിക്കുന്നു.
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലല്ലേ മറ്റെന്തുണ്ടായിട്ടും കാര്യമുള്ളൂ. രക്തത്തിലെ കൊളസ്‌ട്രോള്‍ സന്തുലിതമാക്കാനും മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് വഴി സാധ്യമാകും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാനും ഇത് സഹായകമാകും. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്കമില്ലായ്മ തടയാനും ഇത് നല്ലൊരു പോംവഴിയാണ്.