വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ ഒഴികെയുള്ള യുഡിഎഫ് സിറ്റിങ്ങ് എംപിമാരെ മുഴുവന്‍ സ്ഥാനാര്‍ഥികളാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലോചന. ഘടകകക്ഷികളില്‍ നിന്നൊന്നും പുതിയ ആവശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ ചര്‍ച്ചകള്‍ ആവശ്യമേയില്ല. ശനിയാഴ്ച ‘മലയാള മനോരമ’യില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസിലോ യുഡിഎഫിലോ തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കു പ്രസക്തി ഇല്ല തന്നെ.
2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 19 -ഉം തൂത്തുവാരിയ യുഡിഎഫിനും മുന്നണിയുടെ നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനും ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥികളെ വേണ്ടെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം എത്ര എളുപ്പം.
മന്ത്രി കെ. രാധാകൃഷ്ണന്‍ അടക്കം മുതിര്‍ന്ന നേതാക്കളെത്തന്നെ രംഗത്തിറക്കാനാണ് ഇടതുമുന്നണി നേതൃത്വം ആലോചിക്കുന്നതെന്ന മറ്റൊരു റിപ്പോര്‍ട്ടും ശനിയാഴ്ചത്തെ ‘മലയാള മനോരമ’യിലുണ്ട്. ഡോ. തോമസ് ഐസക്ക്, എളമരം കരിം, എ. വിജയരാഘവന്‍ തുടങ്ങിയ പേരുകള്‍ ഇടതുമുന്നണി പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി പുന:സംഘടിപ്പിക്കുന്നുവെന്നൊരു റിപ്പോര്‍ട്ടും ‘മലയാള മനോരമ’യിലുണ്ട്. ഒപ്പം കെപിസിസിയുടെ ഭാരവാഹികളിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നു റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായരുടേതാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസില്‍ പുതിയ തലമുറയിലെ പ്രഗത്ഭരെയാരെയെങ്കിലും മുന്‍നിരയിലേയ്ക്കു കൊണ്ടുവരുന്നതിനേപ്പറ്റി ‘മനോരമ’യിലെ രണ്ടു റിപ്പോര്‍ട്ടുകളിലും സൂചനയൊന്നുമില്ല. ഇവിടെനിന്നാണ് ഈ കുറിപ്പ് തുടങ്ങുന്നത്.
1968 -ല്‍ പാലക്കാട്ടേ വാസകി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടു പാസാക്കിയ പ്രമേയം ഇങ്ങനെ പറഞ്ഞു: ‘കോണ്‍ഗ്രസ് സംഘടനയുടെ താക്കോല്‍സ്ഥാനങ്ങളില്‍ യുവാക്കള്‍ സ്ഥാനം പിടിക്കണം.’ എ.കെ ആന്റണിയായിരുന്നു അന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്.
1970 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ,കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ ആറു യുവാക്കളാണ് കേരള നിയമസഭയിലെത്തിയത്. ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന ചേര്‍ത്തലയില്‍ എന്‍.സി തണ്ടാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ എ.കെ ആന്റണിയായിരുന്നു താക്കോല്‍ സ്ഥാനങ്ങളില്‍ കടന്നു കയറാന്‍ ഇറങ്ങിത്തിരിച്ച യുവാക്കളില്‍ മുമ്പന്‍.
തൊട്ടു പിന്നാലെ സിപിഎം നേതാവ് ഇ.എം ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി. എടയ്ക്കാട്ടു മണ്ഡലത്തില്‍ എന്‍. രാമകൃഷ്ണന്‍ പരാജയപ്പെടുത്തിയത് സി. കണ്ണനെ.
അന്നേ പ്രതാപിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയില്‍ പരാജയപ്പെടുത്തി കൊട്ടറ ഗോപാലകൃഷ്ണനുമുണ്ട് കൂട്ടത്തില്‍. ബാലുശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന എ,സി ഷണ്‍മുഖദാസും വിജയിച്ചു. അഞ്ചു പേരും ജയിച്ചത് ഇടതു കോട്ടകളില്‍. അതും ശക്തമായ മത്സരത്തിലൂടെ. എല്ലാവര്‍ക്കും പ്രായം മുപ്പതില്‍ താഴെ മാത്രം.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പത്രിക നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ.എം ചാണ്ടി പറഞ്ഞു: ‘പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി രണ്ടാമതായി വന്നാല്‍ പോലും അതൊരു വലിയ വിജയമായിരിക്കും.’
ഉമ്മന്‍ ചാണ്ടി ജയിച്ചു. കേരളത്തിലെങ്ങും നിറഞ്ഞു നിന്ന നേതാവായി ഉമ്മന്‍ ചാണ്ടി മരിച്ചത് ഈയിടെ. അതേ പുതുപ്പള്ളിയില്‍ എംഎല്‍എ ആയിരുന്ന് 53 വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത്. എത്രയെത്ര താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുന്ന ശേഷം. കോണ്‍ഗ്രസിലും മുന്നണിയിലും സര്‍ക്കാരിലും.
കരുത്തനായ ആര്‍. ശങ്കറിനെ തുരത്തിയാണ് വയലാര്‍ രവി 1971 -ല്‍ ലോക്‌സഭയിലെത്തിയത്. അന്ന് ശങ്കറിന് പ്രായം 62. വയലാര്‍ രവിക്ക് 32 വയസും. എസ്എന്‍ഡിപി യോഗം നേതാവും കെപിസിസി അദ്ധ്യക്ഷനും സംസ്ഥാന മന്ത്രിയായും മുഖ്യമന്ത്രിയായും അസാധാരണമായ പ്രാഗത്ഭ്യം തെളിയിച്ച ആര്‍. ശങ്കര്‍ ആരുടെയും മുന്നില്‍ തലകുനിക്കാത്ത നേതാവായിരുന്നു.
1967 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും ഒമ്പതു സീറ്റിലേയ്‌ക്കൊതുങ്ങി ക്ഷീണിച്ചു നിന്ന കോണ്‍ഗ്രസ് ഉയര്‍ത്തെണീറ്റു വരുന്ന സമയമായിരുന്നു അത്. 1968 -ല്‍ പാലക്കാട്ടു ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ഒരു സുപ്രധാന രാഷ്ട്രീയ പ്രമേയവും പാസാക്കിയിരുന്നു. വന്‍കിട സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കിക്കണമെന്നും പ്രിവി പേഴ്‌സ് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പ്രമേയം.
1969 -ല്‍ കോണ്‍ഗ്രസ് പിളരുകയും എ.കെ ആന്റണിയും വയലാര്‍ രവിയുമൊക്കെ ഉള്‍പ്പെടുന്ന യുവജന വിഭാഗം ഇന്ദിരാ ഗാന്ധിയോടൊപ്പം നില്‍ക്കുകയും ചെയ്ത കാലം. പിന്നീട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 14 സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചും പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയും ചരിത്രം സൃഷ്ടിച്ചപ്പോള്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസും ആ ചരിത്രത്തിന്റെ ഭാഗമായി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതിയുടെ അധ്യക്ഷനായിരുന്ന വയലാര്‍ രവി ഇന്ദിരാ ഗാന്ധിയുടെ മാനസപുത്രനായി. ആര്‍ ശങ്കറിനു പകരം ചിറയിന്‍കീഴില്‍ മത്സരിച്ചു ജയിച്ച വയലാര്‍ രവി മറ്റൊരു താക്കോല്‍ സ്ഥാനം കൈയടക്കുകയായിരുന്നു. കെപിസിസി അദ്ധ്യക്ഷനും ലോക്‌സഭാംഗവും മന്ത്രിയും രാജ്യസഭാംഗവുമൊക്കെയായി താക്കോല്‍ സ്ഥാനങ്ങള്‍ പലതിലുമിരുന്ന വയലാര്‍ രവി അവസാനം സ്ഥാനമെല്ലാമൊഴിഞ്ഞ് പ്രായാധിക്യം മൂലം തീരെ വയ്യാതായ ശേഷം 82 -ാം വയസില്‍.
അന്നും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ നിന്ന് അഭിപ്രായം തേടിയായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അപ്പാടേ വയലാര്‍ രവിക്കു വേണ്ടി നിന്നു. കെ.എസ്.യു പ്രാദേശിക ഘടകങ്ങളും കോളജ് യൂണിയന്‍ ചെയര്‍മാന്മാരുമെല്ലാം വയലാര്‍ രവിക്കു പിന്നില്‍ അണിനിരന്നു. എ,കെ ആന്റണി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും.
അന്ന് ഒരു കെ.എസ്.യു നേതാവു മാത്രം രവിയ്‌ക്കെതിരെ നിന്നു. വര്‍ക്കല എസ്.എന്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന ജി. കാര്‍ത്തികേയന്‍. ആര്‍ ശങ്കറിനെയാണു സ്ഥാനാര്‍ഥിയാക്കേണ്ടതെന്ന് കാര്‍ത്തികേയന്‍ അഭിപ്രായം രേഖപ്പെടുത്തി.
1971 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്നെയും സംഭവിച്ചു അത്ഭുതങ്ങള്‍. വടകരയില്‍ കെപിസിസി നിശ്ചയിച്ച ലീലാ ദാമോദര മേനോനു പകരം ഹൈക്കമാന്റ് പരാമര്‍ശത്തിലൂടെ സ്ഥാനാര്‍ഥിയായി വന്നത് കെ.പി ഉണ്ണികൃഷ്ണന്‍. കാസര്‍കോട്ട് മണ്ഡലത്തില്‍ കെ.എസ്.യു നേതാവായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി സിപിഎം നേതാവ് ഇ.കെ നായനാരെ തോല്‍പ്പിച്ച് ലോക്‌സഭാ സീറ്റിലെത്തി. അതും നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. മുകുന്ദപുരത്തു നിന്നും ജയിച്ച എ.സി ജോര്‍ജ് കേന്ദ്രത്തില്‍ മന്ത്രിയുമായി.
കോണ്‍ഗ്രസില്‍ യുവാക്കളുടെ തേരോട്ടം തുടങ്ങുകയായിരുന്നു. താക്കോല്‍ സ്ഥാനങ്ങള്‍ ഒന്നൊന്നായി അവര്‍ കീഴടക്കി. 1977 -ല്‍ രാജന്‍ കേസിന്റെ പേരില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായി. 37 -ാം വയസില്‍. 1995 -ല്‍ വീണ്ടും മുഖ്യമന്ത്രി കരുണാകരനെ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പേരില്‍ ആന്റണിപക്ഷം താഴെയിറക്കി പകരം ആന്റണിയെ മുഖ്യമന്ത്രിയാക്കി. 2004 -ല്‍ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞപ്പോള്‍ പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി.
1968 -ല്‍ താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസിലെ യുവ നേതാക്കളെ അവിടെ നിന്നു തുരത്താന്‍ പിന്‍തലമുറ യുവ നേതാക്കള്‍ക്കു കഴിഞ്ഞില്ല. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കു ശേഷം എത്രയോ യുവാക്കള്‍ വിദ്യാര്‍ഥി യുവജന സംഘലനകളിലൂടെ കോണ്‍ഗ്രസില്‍ വന്നുപോയി. മിക്കവരുടെയും മുന്നില്‍ ഒരു താക്കോല്‍ സ്ഥാനവും തുറന്നില്ല. തുറക്കാന്‍ മുതിര്‍ന്നവര്‍ കൂട്ടാക്കിയില്ല. അതിസാഹസം കാണിച്ചവരെ മുതിര്‍ന്നവര്‍ ഒതുക്കിക്കെട്ടി.
1971 -ല്‍ ചിറയിന്‍കീഴില്‍ നിന്നു ലേക്‌സഭയിലെത്തിയ വയലാര്‍ രവി 12 വര്‍ഷം കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് രവിയ്ക്കു പ്രായം 33 വയസ്. അത്ര ചെറുപ്രായത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റിയിലേയ്ക്കു വന്നിട്ടുള്ളത് ജവഹര്‍ലാല്‍ നെഹ്‌റു മാത്രം.
അന്നൊരിക്കല്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ വയലാര്‍ രവിയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു നേതാക്കളും പ്രവര്‍ത്തകരും തടിച്ചു കൂടി. കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ജി. കാര്‍ത്തേകേയനെ നിശ്ചയിച്ചിരുന്ന സമയമായിരുന്നു അത്.
വിമാനമിറങ്ങി യൂവാക്കളുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന വയലാര്‍ രവി പെട്ടെന്നു ചോദിച്ചു – സ്ഥാനാര്‍ഥിയാര് ? ഇതാ, ജി. കാര്‍ത്തികേയന്‍ – തൊട്ടടുത്തു നിന്നിരുന്ന ജി. കാര്‍ത്തികേയനെ ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവനോ ? വയലാര്‍ രവി ഉച്ചത്തില്‍ ചോദിച്ചു. ഇവന്‍ വേണ്ട, അവന്‍ മതി എന്നു തൊട്ടുപിന്നില്‍ നിന്നിരുന്ന നില ലോഹിതദാസന്‍ നാടാരെ ചൂണ്ടിക്കാട്ടി രവി കല്‍പ്പിച്ചു. നീലന്‍ ചെയര്‍മാനായി.
ചിറയിന്‍കീഴില്‍ ശങ്കറാണു സ്ഥാനാര്‍ഥിയാകേണ്ടതെന്ന് കുറിച്ചുകൊടുത്ത ജി. കാര്‍ത്തികേയനു കിട്ടിയ പ്രതിഫലം.
1970 -ല്‍ 30 -ാം വയസില്‍ താക്കോല്‍ സ്ഥാനത്തു കയറിയ എ,കെ ആന്റണി ജീവിതകാലം മുഴുവനും താക്കോല്‍ സ്ഥാനങ്ങളില്‍ കഴിച്ചുകൂട്ടി. മുഖ്യമന്ത്രി സ്ഥാനം മുതല്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം വരെ. ഇപ്പോഴിതാ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായി ഹൈക്കമാന്റ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.
പ്രായമായി, ചെറുപ്പക്കാര്‍ക്ക് ആ സ്ഥാനം കൊടുത്താല്‍ മതി എന്നു ഒരു വാചകം പറയാന്‍ ആന്റണിക്കു തോന്നിയില്ല. ഇപ്പോഴും സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവിന്റെ സ്ഥാനം മാത്രം. ആന്റണിക്കു പ്രായം 83 വയസ്.