ഹരിപ്പാട്: വാടകവീട് കേന്ദ്രീകരിച്ച് വ്യാജമദ്യം നിര്‍മിച്ച് വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. ചേപ്പാട് റെയില്‍വേ ജങ്ഷന് പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന കുമാരപുരം എരിയ്ക്കാവ് പോച്ചത്തറയില്‍ സുധീന്ദ്രലാലാ(47)ണ് അറസ്റ്റിലായത്. വലിയതോതില്‍ മദ്യം നിര്‍മിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പനയ്ക്കായി നല്‍കുകയായിരുന്നു.
എട്ടു മാസമായി ഇയാള്‍ ഇവിടെ താമസിച്ചു വരികയാണ്. വീടിന്റെ മുകള്‍ നിലയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 500 മില്ലി ലിറ്ററിന്റെ 785 കുപ്പി വ്യാജമദ്യവും മദ്യം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന 500 കുപ്പികള്‍, ഒരു ചാക്ക് അടപ്പ്, പായ്ക്കിങ് മെഷീന്‍, ഫോളോഗ്രാം സ്റ്റിക്കറുകള്‍, മോട്ടോര്‍ ടാങ്ക്, മദ്യത്തിന് നിറം നല്‍കുന്ന കരാമല്‍ എന്നിവയും പിടികൂടി.
എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ എസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ: എം. മഹേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപകുമാര്‍, സി.ഇ.ഒമാരായ റെനി, ദിലീഷ്, സന്തോഷ്, ശീജിത്ത്, രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.